ന്യൂഡൽഹി: ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം തെളിയിക്കാൻ ചില കമ്പനികൾ വലിയ പരസ്യചെലവുകൾ നടത്താറുണ്ട്. എന്നാൽ ഫ്രാൻസിലെ ഒരു പ്രതിഷേധത്തിനിടയിൽ യാദൃശ്ചികമായി ലഭിച്ച ഒരു ദൃശ്യത്തിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഒരു ചൈനീസ് ഗ്ലാസ് നിർമാണ കമ്പനി. കടയുടെ ചില്ല് തകർക്കാൻ പ്രതിഷേധക്കാർ നടത്തിയ തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെടുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മുഖംമൂടി ധരിച്ച കുറച്ച് പ്രതിഷേധക്കാർ കടയുടെ ചില്ലിൽ ആവർത്തിച്ച് ചവിട്ടുകയും ഇഷ്ടിക, ഇരുമ്പ് കമ്പി, കസേര തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് എറിയുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തുടർച്ചയായി ആക്രമിച്ചിട്ടും ചില്ലിൽ ചില പൊട്ടലുകൾ വീണതല്ലാതെ അത് തകർന്നു വീണില്ല. ഗ്ലാസിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ ദൃശ്യങ്ങൾ.
ചൈനീസ് കമ്പനിയായ ‘ഹെങ്ക്സിൻഫെങ് സ്പെഷ്യൽ ഗ്ലാസ് കോ. ലിമിറ്റഡ്’ ആണ് ഈ ഗ്ലാസിന്റെ നിർമാതാക്കൾ. ഉൽപ്പന്നങ്ങളുടെ ഈട് വ്യക്തമാക്കാൻ കമ്പനി തന്നെ ഈ ദൃശ്യങ്ങൾ പിന്നീട് പങ്കുവെച്ചിട്ടുണ്ട്.
ചൈനയിലെ ഹെനാൻ പ്രവിക്ഷ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ കമ്പനി, സ്ഫോടനത്തെ പ്രതിരോധിക്കുന്ന കോമ്പോസിറ്റ് ഗ്ലാസുകൾ, ചുറ്റികയടികളുടെ ആഘാതം താങ്ങാൻ കഴിയുന്ന ഗ്ലാസുകൾ, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ എന്നിവയുടെ നിർമ്മാണത്തിൽ വിദഗ്ധരാണ്.
ബാങ്കുകൾ, സൈനിക കേന്ദ്രങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ, ജ്വല്ലറികൾ, മ്യൂസിയങ്ങൾ തുടങ്ങിയ അതീവ സുരക്ഷ ആവശ്യമുള്ള സ്ഥലങ്ങളിലാണ് ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുന്നത്. അതേസമയം, പാരീസിലെ ഒരു ലൂയി വിറ്റൺ ഔട്ട്ലെറ്റിലാണ് ഈ സംഭവമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, കടയുടെ യഥാർഥ വിവരങ്ങളും ഗ്ലാസിന്റെ ഉറവിടവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാരീസിന്റെ വടക്ക് ഭാഗത്തുള്ള സ്കൂളുകളിലെ അധ്യാപകരുടെ കുറവും മോശം സൗകര്യങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം വിദ്യാർഥികൾ തുടങ്ങിയ പ്രക്ഷോഭം, പിന്നീട് ജീവിതച്ചെലവ് വർധനവ്, പൊതുഖജനാവിലെ ചെലവ് വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്കെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറുകയായിരുന്നു.
