ടെഹ്റാൻ: ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതു സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ശക്തമായ മറുപടിയുമായി ഇറാൻ. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്നു തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തുറന്നടിച്ചു.
മേഖല ഇപ്പോൾ ഇറാൻ സൈനികശക്തിയുടെ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇറാനിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇറാന്റെ മറുപടി.
പശ്ചിമേഷ്യയിലെ “തിന്മകളെ’ തുടച്ചുനീക്കാനുള്ള ചെറിയൊരു യാത്ര മാത്രമാണിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “മരണവും തീയും ക്രോധവും അവരുടെ മേൽ വർഷിക്കും’- എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
ഇറാനിൽ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മുജ്തബ ഖമനയ് ചുമതലയേറ്റതിനു പിന്നാലെ മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. പത്തു ദിവസമായി തുടരുന്ന യുദ്ധം ആഗോള എണ്ണവിപണിയെ വൻതോതിൽ ബാധിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ നയതന്ത്രനീക്കങ്ങൾ നടക്കുന്നുണ്ട്.
അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഗൾഫ് രാജ്യങ്ങളുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പുടിൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതായാണ് വിവരം.
എങ്കിലും, ബഹ്റിനിലെ എണ്ണക്കമ്പനികൾക്കുനേരെയുണ്ടായ ആക്രമണങ്ങളും സൗദിയിലെ എണ്ണപ്പാടത്തിനു നേരെ നടന്ന ഡ്രോൺ ആക്രമണശ്രമങ്ങളും മേഖലയെ ഇപ്പോഴും യുദ്ധഭീതിയിൽതന്നെ നിർത്തുകയാണ്.
