ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരത്തിലേറി ദിവസങ്ങൾ മാത്രം പിന്നിടുന്പോൾ തമിഴക വെട്രി കഴകം ജില്ലാ നേതാവ് കോടികൾ തട്ടിയ കേസിൽ അറസ്റ്റിൽ. പാർട്ടിയുടെ സെൻട്രൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശരവണ(31)നാണു പിടിയിലായത്. പുതുക്കോട്ട തിരുവാപുർ സ്വദേശിയായ ഇയാളെ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. വിവിധ നിക്ഷേപകരിൽനിന്നായി 25 കോടിയിലേറെ രൂപയാണ് ടിവികെ നേതാവ് തട്ടിയെടുത്തത്.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നൂറോളം പേരിൽ നിന്നായി വൻതുക കൈക്കലാക്കിയെന്നാണ് ശരവണനെതിരെയുള്ള പരാതി. 30 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വ്യക്തികളിൽനിന്ന് ഇയാൾ വാങ്ങിയിട്ടുണ്ട്. അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കാണെന്നും മറ്റും പറഞ്ഞാണു മറ്റുപലരിൽനിന്നും പണം ഈടാക്കിയത്. എന്നാൽ പണം തിരികെ നൽകാതെ രണ്ടാഴ്ചയിലേറെയായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ പണം തട്ടിയെടുക്കുമെന്നു ഭയന്നാണു നിക്ഷേപകർ പുതുക്കോട്ട ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നൽകിയത്. ഇതേത്തുടർന്നു മറ്റൊരു സംസ്ഥാനത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ശരവണനെ ക്രൈംബ്രാഞ്ച് സംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു.
അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ നൂറോളം പരാതിക്കാർ പോലീസ് സൂപ്രണ്ട് ഓഫീസിനു മുന്നിൽ തടിച്ചുകൂടിയതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശരവണനെ തങ്ങൾക്കു വിട്ടുനൽകണമെന്നു പരാതിക്കാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇടപെട്ടു സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു തൊട്ടുപിന്നാലെ പാർട്ടി ജില്ലാ നേതാവുതന്നെ സാമ്പത്തിക തട്ടിപ്പു കേസിൽ പിടിയിലായതു രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെ, ചെറുകക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. അതേസമയം, ശരവണനെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.
