വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ താവളമൊരുക്കിയതായി റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളിൽനിന്നു സംരക്ഷണംതേടി ഇറാന്റെ സൈനികവിമാനങ്ങൾ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്കയ്ക്കുമിടയിൽ മധ്യസ്ഥനായി പാക്കിസ്ഥാൻ നിലകൊള്ളുന്നതിനിടെയാണു രഹസ്യനീക്കമെന്നും യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ രഹസ്യാന്വേഷണ വിമാനമായ ആർസി 130 ഉൾപ്പെടെയുള്ളവ പാക് താവളത്തിലേക്കു മാറ്റിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിമാനങ്ങൾ പാക്കിസ്ഥാനിലെത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ ഇറാന്റെ ചില യാത്രാവിമാനങ്ങൾ അഫ്ഗാനിസ്ഥാനിലും പാർക്ക് ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടുകൾക്കെതിരേ അമേരിക്കയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. പാക്കിസ്ഥാൻ നിഷ്പക്ഷ മധ്യസ്ഥനല്ലെന്ന് യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം ആരോപിച്ചു. റിപ്പോർട്ട് സത്യമാണെങ്കിൽ മധ്യസ്ഥനെന്ന നിലയിലുള്ള പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചു ഗൗരവമായി പുനർചിന്തനം നടത്തേണ്ടതുണ്ടെന്നും ഗ്രഹാം പറഞ്ഞു.
അതേസമയം, പാക്കിസ്ഥാൻ ആരോപണങ്ങൾ നിഷേധിച്ചു. നൂർ ഖാൻ വ്യോമതാവളം ജനവാസ കേന്ദ്രത്തിലാണെന്നും അവിടെ ഇത്രയും വലിയ വിമാനങ്ങൾ ഒളിപ്പിച്ചുവയ്ക്കാൻ കഴിയില്ലെന്നും പാക് അധികൃതർ വ്യക്തമാക്കി. ഇറാന്റെ യാത്രാവിമാനങ്ങൾ കാബൂളിൽ എത്തിയിരുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ സിവിൽ ഏവിയേഷൻ വിഭാഗം സമ്മതിച്ചെങ്കിലും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഇതു നിഷേധിച്ചു.
ഇറാനും ചൈനയുമായുള്ള പാകിസ്ഥാന്റെ അടുത്ത ബന്ധവും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 80 ശതമാനവും ചൈനയിൽ നിന്നാണെന്നതും ഇസ്രയേലിന്റെ പാക് വിരുദ്ധ നിലപാടുകളും നിലവിലെ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയുമായും ഇറാനുമായും ഒരേസമയം ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന പാക്കിസ്ഥാന് പുതിയ റിപ്പോർട്ടുകൾ വലിയ നയതന്ത്രസമ്മർദം സൃഷ്ടിക്കും.
