സമ്മര്‍ ഇന്‍ ബെത്‌ലഹേം ആദ്യം ചെയ്യാനിരുന്നത് തമിഴില്‍, പ്രഭുവും മഞ്ജുവും തമ്മിലുള്ള പാട്ടുസീനും ചിത്രീകരിച്ചു, എന്നാല്‍ നിര്‍മാതാവുമായുള്ള അഭിപ്രായഭിന്നത എല്ലാം തകര്‍ത്തു, ഒരു ഹിറ്റ് ചിത്രം പിറന്ന കഥയിങ്ങനെ

മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ ഹിറ്റുകളില്‍ മുന്‍നിരയിലാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിന്റെ സ്ഥാനം. സിബി മലയില്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരുമൊക്കെ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ഹിറ്റ് ചിത്രത്തിലേക്കുള്ള പിറവിയില്‍ സമ്മര്‍ ഇന്‍ ബെത്‌ലഹേമിന്റെ അണിയറക്കാര്‍ വലിയ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അക്കഥ അടുത്തിടെ സിബി മലയില്‍ തന്നെ വെളിപ്പെടുത്തി.

തമിഴില്‍ ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബെത്‌ലഹേം. അതിനായി നായകനെയും നായികയെയും നിശ്ചയിച്ച് പാട്ടും ഷൂട്ട് ചെയ്തതാണ്. പ്രഭു, ജയറാം, മഞ്ജു വാരിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് അദ്ദേഹം സമ്മര്‍ ഇന്‍ ബത്ലഹേം തമിഴില്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പാട്ടിനുശേഷം നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് പ്രശ്നം ഉണ്ടാവുകയും സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുകയും ചെയ്തു.

ഈ സമയത്താണ് നിര്‍മാതാവ് സിയാദ് കോക്കറിന്റെ ഇടപെടല്‍. സിനിമ നിര്‍മിക്കാന്‍ തയാറാണെന്ന് അദേഹം വ്യക്തമാക്കി. പ്രഭുവിനു പകരം സുരേഷ് ഗോപി സിനിമയിലേക്ക് എത്തി. നിരഞ്ജന്‍ എന്ന കഥാപാത്രമായിരുന്നു അണിയറപ്രവര്‍ത്തകരുടെ വലിയൊരു വേവലാതി ആയിരുന്നത്. ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന വിഷയം ചിത്രീകരണസമയത്തു വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. രണ്ടു സീന്‍ മാത്രമാണ് ഉള്ളതെങ്കിലും ഏറെ ആഴവും പരപ്പുമുള്ള കഥാപാത്രമാണ് നിരഞ്ജന്‍ എന്നത് ആയിരുന്നു എല്ലാവരെയും ആശങ്കപ്പെടുത്തിയത്. ഒരു അസാധാരണ നടന്‍ തന്നെ അതു ചെയ്യണമെന്ന് സിബി മലയിലിന് ആഗ്രഹമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ കമല്‍ഹാസനെയാണ് ആദ്യം ചിത്രത്തില്‍ പരിഗണിച്ചത്. അതിനു ശേഷം മോഹന്‍ലാലിലെത്തി. അന്നു മോഹന്‍ലാല്‍ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലായിരുന്നു എങ്കിലും സിബി മലയിലും തിരക്കഥാകൃത്ത് രഞ്ജിത്തും നേരിട്ടു ചെന്ന് മോഹന്‍ലാലിനെ കാണുകയും കഥ കേട്ടപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇപ്പോഴും ചാനലുകളില്‍ ഹിറ്റാണ് ഈ ചിത്രം.

Related posts