വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സംഘർഷത്തിനു ശാശ്വത പരിഹാരം കാണാനുള്ള ചർച്ചകൾ എങ്ങുമെത്തിയില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ ചർച്ചകളിൽ താൻ സംതൃപ്തനല്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു.
ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ചർച്ചകൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്നും, ഉടമ്പടിയിലേക്കെത്താൻ താമസമുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരേ പുതിയ സൈനിക നടപടികളെക്കുറിച്ചുള്ള സൂചനകളൊന്നും അദ്ദേഹം നൽകിയില്ല.
സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതുക്കിയ സമാധാന നിർദേശത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ മുൻ നിർദേശങ്ങൾ അമേരിക്ക തള്ളിയിരുന്നു. രണ്ടു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിനു നിലവിൽ താത്കാലിക വിരാമമുണ്ടെങ്കിലും, ശാശ്വതമായ സമാധാന ഉടന്പടിയിലെത്താൻ ഇരു രാജ്യങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല.
അതിനിടെ, അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന്, ആഗോളതലത്തിലുണ്ടായ ഇന്ധനവില വർധനവിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുകയാണ്. മേയ് ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ തൊഴിലാളി സംഘടനകൾ തെരുവിലിറങ്ങി.
പശ്ചിമേഷ്യയിലെ സാധാരണക്കാരുടെ ജീവിതത്തെ തകർക്കുകയാണെന്നു സംഘടനകൾ കുറ്റപ്പെടുത്തി. യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലുമുൾപ്പെടെ നടന്ന കൂറ്റൻ റാലികളിൽ ട്രംപിന്റെ യുദ്ധനയങ്ങൾക്കെതിരേ കടുത്ത വിമർശനമാണ് ഉയർന്നത്. ട്രംപിന്റെ യുദ്ധത്തിനു സാധാരണക്കാർ വില നൽകേണ്ടതില്ലെന്ന് യൂറോപ്യൻ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ പ്രസ്താവിച്ചു.
