തുറവൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ സെന്റ് ജോസഫ് പള്ളിയോടു ചേർന്നുള്ള സാൻജോ സദൻ സ്പെഷൽ സ്കൂളിന്റെ മുമ്പിൽ വെള്ളക്കെട്ട്. ഒരു മഴ പെയ്താൽ മതി, സ്കൂളിന് മുമ്പിലെ റോഡിലാകെ വെള്ളം നിറയും. ദിവസേന ഭിന്നശേഷിക്കാരായ കുട്ടികൾ വന്നു പോകുന്ന സ്കൂളിനുമുന്നിലാണ് ഈ ദുർഘടാവസ്ഥ.
സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും സാധിക്കുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് പരാതി. ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ മാതാപിതാക്കൾ സ്കൂളിൽ എത്തിക്കാൻ ബദ്ധപെടുകയാണ്.
കൂടാതെ പള്ളിയിലേക്കും അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലേക്കും നിരവധി യാത്രക്കാർ പോകുന്ന സ്ഥലവുമാണത്. നിരന്തരം വെള്ളക്കെട്ട് കൊണ്ട് പൊറുതിമുട്ടുന്ന ഇവിടെ എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.