വിമാനത്താവളത്തിൽ വെച്ച് തന്റെ കൂടെയുള്ള ഗൃഹവേലക്കാരിയെ ക്യാമറയ്ക്ക് മുന്നിൽ പരസ്യമായി അപമാനിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ലീന ഭൂഷണെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അമർഷം. ലീന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നത്.
മെഹക് എന്ന് പേരുള്ള യുവതിയെയാണ് ലീന വീഡിയോയിലൂടെ പരസ്യമായി ശകാരിച്ചത്. ആദ്യമായി വിമാനയാത്ര നടത്തുന്ന പെൺകുട്ടിയുടെ ഭയവും പരിഭ്രാന്തിയും നിറഞ്ഞ മുഖഭാവം വീഡിയോയിൽ വ്യക്തമായി കാണാം.
ഹാാൻഡ് ബാഗേജിൽ സൂക്ഷിക്കേണ്ട ബാറ്ററികൾ അറിയാതെ ചെക്ക്-ഇൻ ലഗേജിൽ വെച്ചതായിരുന്നു പെൺകുട്ടി ചെയ്ത തെറ്റ്. ഇതിന്റെ പേരിൽ “മെഹക്, നീ എന്തൊക്കെയാണ് പാക്ക് ചെയ്തത്? നിന്റെ ഇന്റർവ്യൂ ആണോ ഇവിടെ?
ഹാാൻഡ് ബാഗിൽ വെയ്ക്കേണ്ട ബാറ്ററികളെല്ലാം നീ ലഗേജിൽ വെച്ചല്ലോ, നിന്നെ ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകട്ടെയോ?” എന്ന് ലീന ഭൂഷൺ ക്യാമറയ്ക്ക് മുന്നിൽ വെച്ച് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.
ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം തിരിച്ചൊന്നും പറയാനാകാതെ നിൽക്കുന്ന ഒരു പെൺകുട്ടിയെ, ചെറിയൊരു തെറ്റിന്റെ പേരിൽ പരസ്യമായി അപമാനിക്കുന്നത് ക്രൂരതയാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
സഹായത്തിനെത്തുന്നവരോടുള്ള ഇത്തരം പെരുമാറ്റം ദാക്ഷിണ്യമില്ലാത്തതും ഉപരിവർഗ്ഗ മനോഭാവത്തിന്റെ തെളിവുമാണെന്ന് നെറ്റിസൺസ് വിമർശിച്ചു.
വ്യക്തിപരമായ ഒരു തെറ്റ് തിരുത്തുന്നതിന് പകരം, അതിനെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഒരാളെ പരസ്യമായി നാണംകെടുത്തിയത് തികച്ചും തെറ്റായ നടപടിയാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
തൊഴിൽപരമായ മേൽക്കോയ്മ ഉപയോഗിച്ച് പാവപ്പെട്ട ഒരു പെൺകുട്ടിയെ അപമാനിച്ച മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ കടുത്ത നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിലുടനീളം ഉയരുന്ന പ്രധാന ആവശ്യം.

