ഉത്തർപ്രദേശിലെ മൊറാദാബാദിൽ നെയ്യ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിൽ വൻതോതിൽ നെയ്യ് ഒഴുകിപ്പരന്നതോടെ പാത്രങ്ങളുമായി അത് കോരിയെടുക്കാൻ നാട്ടുകാർ തടിച്ചുകൂടിയത് വലിയ തിരക്കിനിടയാക്കി.
ഹരിയാനയിൽ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രപൂരിലുള്ള ഫാക്ടറിയിലേക്ക് നെയ്യുമായി പോവുകയായിരുന്ന ട്രക്കാണ് ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന് പിന്നാലെ ട്രക്കിൽ നിന്ന് വൻതോതിൽ നെയ്യ് റോഡിലേക്ക് ഒഴുകിയെത്തി. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പാത്രങ്ങളും കവറുകളുമായി എത്തിയ നാട്ടുകാർ നെയ്യ് ശേഖരിക്കാൻ മത്സരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ആളുകളെ സ്ഥലത്തുനിന്ന് മാറ്റി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് മറിഞ്ഞ ട്രക്ക് മാറ്റുകയും റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
