ജപ്പാനിലെ ആധുനികമായ ഒരു പൊതു ടോയ്ലറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വോയ്സ് ആക്ടിവേറ്റഡ് ടാപ്പും (ശബ്ദം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ടാപ്പ്) ക്യുആർ കോഡ് ഉപയോഗിച്ചുള്ള പ്രവേശനവുമൊക്കെയുള്ള ഈ അത്യാധുനിക ശുചിമുറിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത് മുംബൈയിൽ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ്.
രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സർത്താക് സച്ച്ദേവ എന്ന ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററാണ് ജപ്പാനിലെ ഈ ഹൈടെക് ശുചിമുറിയുടെ വിശേഷങ്ങൾ പുറംലോകത്തെ അറിയിച്ചത്. “വരൂ, ജപ്പാനിലെ ടോയ്ലറ്റുകൾ എത്രത്തോളം ഫ്യൂച്ചറിസ്റ്റിക് ആണെന്ന് ഞാൻ കാണിച്ചുതരാം” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.
ടോയ്ലറ്റിനുള്ളിൽ പ്രവേശിച്ച അദ്ദേഹം “Turn on the sink” (സിങ്ക് ഓൺ ചെയ്യൂ) എന്ന് പറഞ്ഞയുടനെ ടാപ്പിൽ നിന്ന് വെള്ളം വരുന്നതായി വീഡിയോയിൽ കാണാം. ഡോം ആകൃതിയിലുള്ള ഈ ശുചിമുറിയിലേക്ക് പ്രവേശിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഡോർ അൺലോക്ക് ആകുന്നത് ക്യുആർ കോഡ് വഴിയാണ്. കൂടാതെ, ടോയ്ലറ്റ് എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിൽ ഭിത്തികളിൽ എഴുതിവെച്ചിട്ടുമുണ്ട്.
ഇതിനെല്ലാം പുറമെ, ശുചിമുറിക്കുള്ളിൽ പാട്ട് കേൾക്കാനുള്ള സൗകര്യവുമുണ്ട്. “ജപ്പാൻ യഥാർഥത്തിൽ 2057ലെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്” എന്നാണ് സർത്താക് വീഡിയോയുടെ അവസാനം അത്ഭുതത്തോടെ പറയുന്നത്.
സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചയ്ക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്. ജപ്പാനിലെ കർശനമായ നിയമങ്ങളും അച്ചടക്കവുമാണ് ഇത്തരം സൗകര്യങ്ങൾക്ക് കാരണമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലും ഇത്തരം സംവിധാനങ്ങൾ വരണമെന്ന് മറ്റ് ചിലർ കമന്റ് ചെയ്തു. സാങ്കേതികവിദ്യ എത്രത്തോളം വളർന്നു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമായാണ് പലരും ഈ വീഡിയോയെ വിശേഷിപ്പിച്ചത്.
