ആഗ്രയുടെ മണ്ണിൽ പ്രണയത്തിന്റെ പ്രതീകമായ താജ്മഹൽ കാണാനെത്തിയ ഇറ്റാലിയൻ ദമ്പതികൾ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഇറ്റലിയിലെ ലിഗുറിയയിൽ നിന്നുള്ള മറ്റിയോ , കതേരിന എന്നീ ദമ്പതികളാണ് വേദമന്ത്രോച്ചാരണങ്ങളോടെയും സിന്ദൂരമണിയുന്ന ചടങ്ങുകളോടെയും വിവാഹിതരായത്.
ഇന്ത്യയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഹരിദ്വാറിൽ ഗംഗാസ്നാനം ചെയ്യുകയും വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ചെയ്ത ഇവർ ഇവിടുത്തെ ആത്മീയ പാരമ്പര്യങ്ങളിൽ ആകൃഷ്ടരാവുകയായിരുന്നു. തുടർന്ന് തങ്ങളുടെ വിവാഹം ഇന്ത്യയിൽ വെച്ച് നടത്താൻ ഇവർ തീരുമാനിച്ചു.
ആഗ്രയിൽ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്കാണ് പ്രവീൺ ദത്ത് ശർമ്മ എന്ന പൂജാരിയുടെ കാർമികത്വത്തിൽ ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകൾക്കായി മറ്റിയോ ധോത്തി-കുർത്തയും, കതേരിന ചുവന്ന വധുവിന്റെ വസ്ത്രവുമാണ് ധരിച്ചത്. അഗ്നിയെ സാക്ഷിയാക്കി ഏഴു വലംവെക്കലും സിന്ദൂരദാനവും മംഗളസൂത്ര ചടങ്ങും ഇവർ ആചരിച്ചു.
ചടങ്ങുകളുടെ പ്രാധാന്യം മനസ്സിലാക്കാൻ പൂജാരി പ്രവീൺ ദത്ത് ശർമ്മ ഓരോ മന്ത്രത്തിന്റെയും അർഥം ഹിന്ദിയിലും ഇംഗ്ലീഷിലും ഇവർക്ക് വിശദീകരിച്ചുകൊടുത്തിരുന്നു. ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട അനുഭവമായാണ് ഈ വിവാഹത്തെ ദമ്പതികൾ വിശേഷിപ്പിച്ചത്.
