ഇൻഡോറിൽ ലോക്കോ പൈലറ്റ് സമൂസ വാങ്ങാൻ വേണ്ടി മാത്രം തീവണ്ടി നിർത്തി എന്നവകാശപ്പെടുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ട്രാക്കിനരികിലുള്ള ഒരു കടയിൽ നിന്നും ലോക്കോ പൈലറ്റ് സമൂസ വാങ്ങുന്നതും, ശേഷം വണ്ടിയിൽ കയറി യാത്ര തുടരുന്നതുമാണ് വിഡിയോയിലുള്ളത്. ഇൻഡോർ-മൗ ഡെമു പാസഞ്ചർ ട്രെയിനാണ് സമൂസയ്ക്കായി നിർത്തി എന്നായിരുന്നു പ്രധാന ആരോപണം. വീഡിയോ വൈറലായതോടെ ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെക്കുകയും റെയിൽവേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വെസ്റ്റേൺ റെയിൽവേ ഔദ്യോഗികമായി വിശദീകരിച്ചു. വിഡിയോയിൽ കാണുന്നത് പാസഞ്ചർ ട്രെയിനല്ല, മറിച്ച് കോൺകോർ ഗ്രീൻ ഫീൽഡ് പ്രൈവറ്റ് ടെർമിനസിന്റെ ഒരു ചരക്ക് തീവണ്ടിയാണെന്ന് റെയിൽവേ വ്യക്തമാക്കി.
റാവു യാർഡിൽ മുൻകൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റാവു ഹോം സിഗ്നലിൽ ചരക്കുവണ്ടി നേരത്തെ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടിക്ക് സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ട ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പുറത്തിറങ്ങി ഭക്ഷണം വാങ്ങിയത് എന്ന് റെയിൽവേയുടെ അന്വേഷണത്തിൽ വ്യക്തമായി.
സാങ്കേതിക കാരണങ്ങളാൽ വണ്ടി നിർത്തിയിട്ട സമയത്ത് ജീവനക്കാരൻ ഭക്ഷണം വാങ്ങിയതിനെയാണ്, സമൂസ വാങ്ങാൻ വേണ്ടി മാത്രം ട്രെയിൻ നിർത്തി എന്ന രീതിയിൽ ബോധപൂർവ്വം തെറ്റായി പ്രചരിപ്പിച്ചത്. ഇത്തരം തെറ്റായ വിവരങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് പൊതുജനങ്ങൾക്ക് റെയിൽവേയോടുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. യാഥാർഥ്യം മനസിലാക്കാതെ ഔദ്യോഗിക സ്രോതസുകളിൽ നിന്നല്ലാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും റെയിൽവേ അറിയിച്ചു.
