കാറിനുള്ളിൽ യാത്രക്കാരൻ അനുമതിയില്ലാതെ സിഗരറ്റ് വലിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യാത്ര തുടരാൻ വിസമ്മതിച്ച് ടാക്സി ഡ്രൈവർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ യാത്രക്കാരുടെ പെരുമാറ്റവും ഡ്രൈവർമാരുടെ അവകാശങ്ങളും സംബന്ധിച്ച ആവേശം നിറഞ്ഞ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ലക്ഷയ് മെഹ്ത എന്ന ഉപയോക്താവാണ് എക്സ് പ്ലാറ്റ്ഫോമിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വാഹനത്തിനുള്ളിൽ യാത്രക്കാരൻ പുകവലിക്കുന്നത് ശ്രദ്ധിച്ച ഡ്രൈവർ അയാളെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിഗരറ്റ് കത്തിക്കുന്നതിന് മുൻപ് തന്റെ അനുമതി തേടിയിരുന്നോയെന്ന് ഡ്രൈവർ ചോദിക്കുന്നുണ്ട്. തുടർന്ന് തന്റെ വാഹനത്തിനുള്ളിൽ പുകവലി അനുവദനീയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ടാക്സി ബുക്ക് ചെയ്തതിനാൽ വാഹനത്തിനുള്ളിൽ പുകവലിക്കാൻ ആരുടെയും അനുമതി ആവശ്യമില്ലെന്നാണ് യാത്രക്കാരൻ വാദിക്കുന്നത്. എന്നാൽ, വാഹനം തന്റെ ഉടമസ്ഥതയില്ലുള്ളതാണെന്നും അതിനുള്ളിലെ നിയമങ്ങൾ മാനിക്കണമെന്നും ഡ്രൈവർ മറുപടി നൽകുന്നു. തുടർന്ന് കാർ നിർത്തി യാത്രക്കാരോട് വാഹനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുന്നു. ‘ഞാനീ യാത്ര റദ്ദാക്കുകയാണ്. നിങ്ങളുടെ പണം എനിക്ക് വേണ്ട. ദയവായി എന്റെ കാറിൽനിന്ന് ഇറങ്ങൂ. ഞാൻ ഒരു ടാക്സി ഡ്രൈവറാണ്. നിങ്ങളുടെ ജോലിക്കാരനല്ലെന്ന് ഡ്രൈവർ പറഞ്ഞു.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഡ്രൈവർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. യാത്രക്കാർ പണം നൽകി യാത്ര ചെയ്യുന്നുണ്ടെങ്കിലും വാഹനം ഡ്രൈവറുടേതാണെന്നും അതിനാൽ പുകവലി നിരോധിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. സിഗരറ്റ് പുക വാഹനത്തിനുള്ളിൽ ഏറെനേരം തങ്ങിനിൽക്കുമെന്നും അത് ഡ്രൈവർക്കും പിന്നീട് യാത്രചെയ്യുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും പലരും ചൂണ്ടിക്കാട്ടി.
