കുട്ടിക്കാലത്ത് സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം വിമാനത്തിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയ അനുഭവം പങ്കുവെച്ച് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ യുവ വ്യവസായി. സ്വന്തം ജീവിതയാത്രയെക്കുറിച്ചും ഒരു കാലത്ത് നടക്കില്ലെന്ന് കരുതിയ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച വൈകാരികമായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്.
ആഷ് ലാംബ എന്ന വ്യവസായിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിലിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കണ്ണീർ തുടയ്ക്കുന്ന അദ്ദേഹത്തെ വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ നിലവിലെ ആഡംബര ജീവിതവും യാത്രകളും ആഡംബര കാറുകളും വീടും ഉൾപ്പെടെയുള്ള ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യഥാർഥത്തിൽ വിമാന യാത്രയ്ക്കിടയിൽ ഒരു തമാശ വീഡിയോ ചിത്രീകരിക്കാനാണ് താൻ ക്യാമറ ഓൺ ചെയ്തതെന്ന് ലാംബ പറയുന്നു. എന്നാൽ ക്യാമറ ഓൺ ചെയ്ത നിമിഷം നിയന്ത്രണം വിട്ട് കരയുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്ന ആ വൈകാരിക നിമിഷത്തിന് പിന്നിലെ കാരണം പിന്നീട് ചിന്തിച്ചപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്.
കുട്ടിക്കാലത്ത് വിമാനത്താവളങ്ങൾ കാണുമ്പോൾ തനിക്കുണ്ടായിരുന്ന കൗതുകവും ബിസിനസ് ക്ലാസ് ക്യാബിനുകളെക്കുറിച്ചുള്ള ആകാംക്ഷയും അദ്ദേഹം ഓർത്തെടുത്തു. മുൻപൊക്കെ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ബാത്റൂമിൽ പോകാനെന്ന വ്യാജേന ബിസിനസ് ക്ലാസ് ഭാഗത്തേക്ക് നടന്ന്, അവിടെയുള്ള കാഴ്ചകൾ ഒളിഞ്ഞുനോക്കാറുണ്ടായിരുന്ന കാര്യം അദ്ദേഹം പങ്കുവെച്ചു.
തന്നേക്കാൾ സാമ്പത്തിക ശേഷിയുള്ള സഹപാഠികളുടെ ജീവിതരീതികളും അദ്ദേഹം ഓർക്കുന്നു. ലണ്ടനിലെ വേനൽക്കാല അവധിക്കാലത്തെക്കുറിച്ചുള്ള അവരുടെ കഥകൾ, അവർ ഉപയോഗിച്ചിരുന്ന ബ്ലാക്ക്ബെറി ഫോണുകൾ, അവരെ സ്കൂളിൽ കൊണ്ടാക്കാൻ വന്നിരുന്ന ആഡംബര കാറുകൾ, വലിയ വീടുകൾ, ഹോട്ടലുകൾ, റാൽഫ് ലോറൻ , റോളക്സ് തുടങ്ങിയ ബ്രാൻഡുകൾ എന്നിവയെല്ലാം ആ കുട്ടിയുടെ മനസ്സിൽ പതിഞ്ഞിരുന്നു.
തന്റെ കുട്ടിക്കാലം വളരെ സന്തോഷം നിറഞ്ഞതായിരുന്നുവെന്നും മാതാപിതാക്കൾ തനിക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ലാംബ പറയുന്നു. എങ്കിലും, ജീവിതത്തിൽ കൂടുതൽ അനുഭവങ്ങളും സ്വാതന്ത്ര്യവും സ്വന്തം ചോയ്സുകളും വേണമെന്ന് ഉള്ളിൽ എവിടെയോ ഒരു ആഗ്രഹമുണ്ടായിരുന്നു. ലോകം കാണണമെന്നും തന്റെ ജീവിതം പൂർണമായി മാറ്റിമറിക്കുന്ന എന്തെങ്കിലും കെട്ടിപ്പടുക്കണമെന്നുമുള്ള സ്വപ്നം പിന്നീട് തന്റെ ഒരു വാശിയായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
താൻ കഥകളിൽ മാത്രം കേട്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് ഇന്ന് യാത്ര ചെയ്യുന്നു, പണ്ട് സങ്കൽപ്പങ്ങളിൽ മാത്രം ഉണ്ടായിരുന്ന കാർ ഓടിക്കുന്നു, അസാധ്യമെന്ന് കരുതിയ വീട്ടിൽ ജീവിക്കുന്നു. ഇതൊക്കെ ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് ലാംബ കൂട്ടിച്ചേർത്തു.
ഈ വൈകാരിക നിമിഷം ആ വിമാനയാത്രയെക്കുറിച്ചുള്ളതല്ല, മറിച്ച് മറ്റൊരു ഭാവി സ്വപ്നം കണ്ട ആ കുട്ടിയെ ഓർത്തുപോയതുകൊണ്ടാണ്. താൻ വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നില്ല, മറിച്ച് എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ആ ചെറിയ കുട്ടിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കുകയായിരുന്നു. സ്വപ്നങ്ങളിൽ വിശ്വസിക്കുന്നത് താൻ ഒരിക്കലും നിർത്തിയില്ല എന്നതിൽ ഇന്ന് കൃതജ്ഞതയുണ്ട്. സ്വപ്നങ്ങൾ മാറിയിരിക്കാം, പക്ഷേ ഇനിയും മുന്നേറാനുള്ള ആഗ്രഹം മാറിയിട്ടില്ലെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
