ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച ഐടി മേഖലയിൽ വലിയ തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ജോലി ലഭിച്ച ശേഷം ഓഫർ ലെറ്റർ റദ്ദാക്കപ്പെട്ട ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കാമ്പസ് പ്ലേസ്മെന്റ് വഴി ലഭിച്ച ജോലി കമ്പനി അവസാന നിമിഷം റദ്ദാക്കിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ ഉദ്യോഗാർഥി.
റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഈ ഉദ്യോഗാർഥി തന്റെ ദുരനുഭവം പങ്കുവെച്ചത്. മുൻവർഷങ്ങളിലെ രീതി അനുസരിച്ച് കോഴ്സ് പൂർത്തിയായ ശേഷം ജൂൺ മാസത്തോടെ കമ്പനി ഓഫർ ലെറ്റർ നൽകാറുള്ളതാണ്. എന്നാൽ ഇത്തവണ തെരഞ്ഞടുക്കപ്പെട്ട എല്ലാ വിദ്യാർഥികളുടെയും ജോലി ഓഫറുകൾ കമ്പനി കൂട്ടത്തോടെ റദ്ദാക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു.
പഠനകാലത്ത് ഇന്റേൺഷിപ്പുകളോ മറ്റ് തൊഴിൽ പരിചയങ്ങളോ നേടാൻ കഴിയാത്തതാണ് നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിദ്യാർഥി വ്യക്തമാക്കുന്നു. പല കമ്പനികളും തുടക്കക്കാർക്കുള്ള ഒഴിവുകളിലേക്ക് പോലും പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ബാക്കെൻഡ്, ഫ്രണ്ടെൻഡ്, ക്യുഎ, സപ്പോർട്ട് തുടങ്ങി ഏത് വിഭാഗത്തിലുമുള്ള തുടക്കക്കാരുടെ റോളുകളിൽ ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
തൊഴിൽ വിപണിയിൽ തന്റെ സാധ്യതകൾ വർധിപ്പിക്കാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ സമൂഹ മാധ്യമങ്ങളുടെ സഹായം തേടുകയാണ് ഈ ഉദ്യോഗാർഥി.
ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകൾ ഉദ്യോഗാർഥിക്ക് പിന്തുണയുമായി രംഗത്തെത്തി. നിരാശപ്പെടരുതെന്നും നിലവിലെ സമയം പ്രയോജനപ്പെടുത്തി പുതിയ പ്രൊജക്ടുകൾ ചെയ്യാനും ലിങ്ക്ഡ്ഇൻ വഴി ജോലികൾക്ക് അപേക്ഷിക്കാനും പലരും നിർദ്ദേശിച്ചു.എങ്കിലും പ്രതിസന്ധികളിൽ തളരാതെ എഐ ടൂളുകളുടെ സഹായത്തോടെ കോഡിംഗ് കഴിവുകൾ മെച്ചപ്പെടുത്താനും കൂടുതൽ മികച്ച പ്രൊജക്ടുകൾ നിർമിക്കാനും ഉദ്യോഗാർഥിയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
