ഗുരുതരമായി രോഗം ബാധിച്ച തന്റെ മകനെ പരിചരിക്കുന്നതിനായി ജോലി രാജി വെക്കാൻ ആഗ്രഹിച്ച ഒരാൾക്ക് തന്റെ തൊഴിലുടമയിൽ നിന്ന് ലഭിച്ച തികച്ചും അപ്രതീക്ഷിതമായ ഒരു പ്രതികരണമാണ് ഇപ്പോൾ വൈറൽ. എക്സിൽ അങ്കിത് പാണ്ഡേ എന്ന ഉപയോക്താവ് പങ്കുവെച്ച കുറിപ്പിൽ, തന്റെ സ്ഥാപനത്തിലെ അക്കൗണ്ടന്റ് തന്നെ സമീപിച്ച് രാജിവെക്കുന്ന കാര്യം പറഞ്ഞതായി പറയുന്നു. അദ്ദേഹം 10 വർഷമായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്ന ആളാണ്, അതുകൊണ്ട് തന്നെ എനിക്ക് അത്ഭുതമായി. മകന് സുഖമില്ലെന്നും, മുഴുവൻ സമയവും അവന്റെ അരികിൽ ഉണ്ടായിരിക്കേണ്ടത് ആവശ്യമായതിനാലാണ് ജോലി ഉപേക്ഷിക്കേണ്ടി വരുന്നത്. അതിനാൽ താൻ രാജി സമർപ്പിക്കുന്നുവെന്നും അക്കൗണ്ടന്റ് പറഞ്ഞു.
എന്റെ മകന്റെ അവസ്ഥ വളരെ ഗുരുതരമാണ്. അവൻ സുഖം പ്രാപിക്കുമെന്ന കാര്യത്തിൽ ഡോക്ടർമാർ ചെറിയ പ്രതീക്ഷയേ നൽകുന്നുള്ളൂ. എനിക്ക് എന്റെ മുഴുവൻ സമയവും അവനോടൊപ്പം ചെലവഴിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമോ എന്ന് തൊഴിലുടമ ചോദിച്ചെങ്കിലും, തന്റെ മകന് “മറ്റെന്തിനേക്കാളും കൂടുതൽ ഇപ്പോൾ എന്നെയാണ് ആവശ്യം” എന്ന് പറഞ്ഞുകൊണ്ട് അക്കൗണ്ടന്റ് അത് നിരസിക്കുകയായിരുന്നു.
എന്നാൽ ഈ വാദത്തിന് തൊഴിലുടമ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ആ ജീവനക്കാരന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. നിങ്ങൾ പോയി മകന്റെ കൂടെയിരിക്കൂ. ഈ ജോലി ഇവിടെ നിങ്ങൾക്കായി മാറ്റിവെച്ചിരിക്കും എന്ന് പറഞ്ഞതായി പാണ്ഡേ കുറിച്ചു. 10 വർഷം അദേഹം വിശ്വസ്തനായിരുന്നു, ഈ കഠിനമായ പോരാട്ടത്തിൽ അദ്ദേഹത്തെ തനിച്ചാക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ പണത്തെക്കുറിച്ച ഒട്ടും വിഷമിക്കേണ്ടെന്നും ശമ്പളം കൃത്യമായി അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കും എന്നും അദ്ദേഹത്തെ അറിയിച്ചു.
മകന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അവൻ സുഖം പ്രാപിക്കുമ്പോൾ തിരികെ ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നും പറഞ്ഞു. ഒരു മാസത്തിന് ശേഷം ആ ജീവനക്കാരൻ ഒരു പെട്ടി മധുരപലഹാരങ്ങളുമായി മടങ്ങിയെത്തിയെന്നും തന്റെ മകൻ സുഖം പ്രാപിച്ച വിവരം അറിയിച്ചെന്നും ആ കുറിപ്പിൽ പറയുന്നു.
താൻ ജോലി ചെയ്യാതിരുന്ന കാലയളവിൽ നൽകിയ ശമ്പളം തന്റെ അക്കൗണ്ടിൽ നിന്നും കുറയ്ക്കണമെന്നും അക്കൗണ്ടന്റ് തൊഴിലുടമയോട് അഭ്യർത്ഥിച്ചു. എന്നാൽ തൊഴിലുടമ അത് നിരസിച്ചു. “അത് ശമ്പളമായിരുന്നില്ല. നിങ്ങളുടെ മകന്റെ സുഖപ്രാപ്തിക്കായി ഞങ്ങളുടെ വകയായുള്ള ഒരു ചെറിയ സംഭാവനയായിരുന്നു. ചിലപ്പോഴൊക്കെ, ഒരു കമ്പനി എന്നത് വെറുമൊരു ജോലിസ്ഥലം മാത്രമല്ല; ചിലപ്പോഴൊക്കെ അതൊരു കുടുംബം കൂടിയാണ്.തൊഴിലുടമയുടെ വാക്കുകളാണ് അതിവേഗമാണ് വൈറലായത്. ജോലിസ്ഥലങ്ങളിലെ മാനുഷിക പരിഗണന കഠിനമായ സാഹചര്യങ്ങളെയും ലഘൂകരിക്കാൻ സഹായിക്കുമെന്ന് ഉപയോക്താൾ കമന്റ് ചെയ്തു.
