പഴയങ്ങാടി: വാഴക്കൂമ്പിൽ നിന്ന് ഹരിത സാങ്കേതികവിദ്യയിലൂടെ കാർബൺ തരികൾ നിർമിക്കാമെന്ന നൂതന കണ്ടുപിടിത്തവുമായി പഴയങ്ങാടി സ്വദേശിനി മീനാക്ഷി. വടക്കേ മലബാറിൽ സുലഭമായി കിട്ടുന്ന പൂവൻ വാഴയുടെ കുലയുണ്ടാവുമ്പോൾ ആദ്യമായി വിരിയുന്ന കൂമ്പിൽ നിന്ന് കാർബൺ തരിയുണ്ടാക്കിയെടുക്കുന്നതാണ് കണ്ടുപിടിത്തം.
സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാർബൺ തരികൾ അവയുടെ സവിശേഷമായ ഗുണങ്ങൾ കാരണം ജൈവ മരുന്നുകളുടെ നിർമാണം, പരിസ്ഥിതി മലിനീകരണ നിവാരണം, മലിനജല നിർമാർജനം എന്നീ മേഖലകളിലെ ഉപയോഗസാധ്യതകളാൽശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഹൈഡ്രോ തെർമൽ രീതി ഉപയോഗിച്ച് പൂവൻ വാഴക്കൂമ്പിൽ നിന്ന് ഹരിത സാങ്കേതികവിദ്യയിലൂടെ നിർമിച്ച കാർബൺ തരികളുടെ ഗുണവിശേഷങ്ങൾ പഠിക്കുകയെന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. വാഴക്കൂമ്പ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അവ മൂന്നുദിവസം വെയിലത്ത് വച്ച് ഉണക്കി മിക്സിയിൽ പൊടിച്ചെടുത്താണ് കാർബൺ പൊടിയുണ്ടാക്കുന്നത്.
പ്രമേഹവുമായി ബന്ധപ്പെട്ട ചില ദീപന സ്രവങ്ങളെ (എൻസൈമുകൾ) തടയുന്നതും കാൻസർകോശങ്ങളുടെ വ്യാപനം തടയുന്നതുമായ മരുന്നുകളുടെ ഉത്പാദനത്തിനും ഈ കാർബൺ ഉപയോഗപ്പെടുത്താമെന്നും ബംഗ്ളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ച ഗവേഷണ പ്രബന്ധം പറയുന്നുണ്ട്. യൂണിവേഴ്സിറ്റി ജേർണലിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് മീനാക്ഷി. ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയിൽ എംഎസ്സി പഠനത്തിന്റെ അവസാനഘട്ടത്തിൽ ജൈവശാസ്ത്രത്തിന്റെ ഡിപ്പാർട്ട്മെൻറ് മേധാവിയായ സുമ സരോജിനിയുടെ കീഴിൽ മീനാക്ഷി നടത്തിയ പരീക്ഷണത്തിന്റെ ഒടുവിലായിരുന്നു ഈ കണ്ടുപിടിത്തം.
ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. പഴയങ്ങാടിയിലെ സതീഷ് മാരാർ-ഷൈനി ദമ്പതികളുടെ മകളും പരിസ്ഥിതി മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ കെ.പി. ചന്ദ്രാംഗദന്റെ ചെറുമകളുമാണ് മീനാക്ഷി.
