വിവാഹത്തെക്കുറിച്ച് വീട്ടുകാരും ബന്ധുക്കളും തനിക്ക് ക്ലാസ് എടുക്കുകയാണെന്നും, പ്രായം കൂടുന്നതിനാൽ ഉടൻ വിവാഹം കഴിക്കണമെന്നും നിർബന്ധിക്കുന്നതായി 25 വയസ്സുകാരിയായ രശ്മി രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
രശ്മി രാജ് പങ്കുവെച്ച ഈ വീഡിയോയിൽ, തന്റെ അമ്മ ഉൾപ്പെടെയുള്ള നാല് ബന്ധുക്കൾ ചേർന്ന് തന്നെ വിവാഹത്തിന് പ്രേരിപ്പിക്കുന്ന ഒരു സ്വകാര്യ കുടുംബ സംഭാഷണമാണ് യുവതി പുറത്തുവിട്ടത്. പ്രായമാകുമ്പോൾ മുഖത്തെ തിളക്കം കുറയുമെന്നും വൈകി വിവാഹം കഴിക്കുന്നത് ഗർഭധാരണത്തിന് തടസ്സമാകുമെന്നും ബന്ധുക്കൾ അവളോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.
തന്റെ കരിയറിനെക്കുറിച്ചോ ജീവിതലക്ഷ്യങ്ങളെക്കുറിച്ചോ ആശങ്കപ്പെടാതെ, കേവലം ശാരീരിക സൗന്ദര്യത്തെയും പ്രസവത്തെയും കുറിച്ച് മാത്രം വേവലാതിപ്പെടുന്ന ബന്ധുക്കളുടെ രീതിയെ യുവതി രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഏകദേശം 40 ലക്ഷത്തിലധികം ആളുകൾ ഈ പോസ്റ്റ് കണ്ടതോടെ യുവതികളുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ സമ്മർദ്ദത്തെക്കുറിച്ചും വലിയൊരു സംവാദത്തിനാണ് സമൂഹ മാധ്യമങ്ങളിൽ വഴിതുറന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
30 വയസ്സിന് ശേഷം സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നേടുമെന്നും, അത് തടയാനാണ് കുടുംബങ്ങൾ നേരത്തെയുള്ള വിവാഹത്തിന് നിർബന്ധിക്കുന്നതെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയും ഇന്നത്തെ കാലത്ത് വിവാഹപ്രായത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ, 25 വയസ്സ് എന്നത് വളരെ ചെറിയ പ്രായമാണെന്നും പെൺകുട്ടികൾ ആദ്യം സാമ്പത്തിക സ്വാതന്ത്ര്യം നേടാനാണ് ശ്രമിക്കേണ്ടതെന്നും മറ്റു ചിലർ പിന്തുണയുമായി എത്തി.
