ഇന്ത്യയിലെ വൻനഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും ശമ്പളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീണ്ടുമൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ഐടി ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. മെട്രോ നഗരമായ മുംബൈയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയ ശുഭ് ജെയിൻ എന്ന യുവാവാണ് തന്റെ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
മുംബൈയിൽ പ്രതിമാസം 1.2 ലക്ഷം രൂപ കൈപ്പറ്റിയിരുന്ന തനിക്ക് ഇപ്പോൾ സ്വന്തം നാട്ടിൽ ലഭിക്കുന്ന 40,000 രൂപയാണ് കൂടുതൽ സാമ്പത്തിക ഭദ്രതയും സന്തോഷവും നൽകുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നു. ഒന്നാം കിട നഗരങ്ങളും മൂന്നാം കിട നഗരങ്ങളും തമ്മിലുള്ള ജീവിതച്ചെലവിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കാനാണ് താൻ ഈ ഉദാഹരണം പങ്കുവെക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
രേഖകളിൽ 1.2 ലക്ഷം രൂപ എന്നത് വളരെ വലിയൊരു തുകയായി തോന്നുമെങ്കിലും മാസാവസാനം കയ്യിൽ ഒന്നും അവശേഷിക്കാത്ത അവസ്ഥയായിരുന്നു മുംബൈയിലെന്ന് ശുഭ് പറയുന്നു. തന്റെ മുംബൈയിലെ പ്രതിമാസ ചെലവുകളുടെ കണക്കും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്:
ഇവ കൂടാതെ ആമസോൺ ഓർഡറുകൾ, ക്വിക്ക് കൊമേഴ്സ് ആപ്പുകൾ, കോഫി, പെട്ടെന്നുണ്ടാകുന്ന മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വലിയൊരു തുക വേറെയും ചെലവാകും. “ഏറ്റവും രസകരമായ കാര്യം, 1.2 ലക്ഷം രൂപ സമ്പാദിച്ചിട്ടും ഒരു വൻനഗരത്തിൽ ജീവിച്ചു പോകാൻ വേണ്ടി മാത്രം ഇതിന്റെ വലിയൊരു പങ്ക് നിശബ്ദമായി ചോർന്നുപോയിരുന്നു എന്നതാണ്, ശുഭ് കുറിച്ചു.
മുംബൈയിലെ ജീവിതം തനിക്ക് പണം സമ്പാദിക്കാനുള്ള അവസരം നൽകിയെങ്കിലും മാനസികമായി കടുത്ത അസംതൃപ്തിയാണ് സമ്മാനിച്ചതെന്ന് ശുഭ് ജെയിൻ വ്യക്തമാക്കുന്നു. കഠിനമായ ജോലിഭാരം കാരണം പാചകം ചെയ്യാനോ മറ്റ് കാര്യങ്ങൾക്കോ സമയം കിട്ടാതെ വരുമ്പോൾ, ആളുകൾ പണം നൽകി സൗകര്യങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നു. ഇത് മാനസികമായും സാമ്പത്തികമായും തളർത്തും.
“മുംബൈ കരിയർ വളർച്ചയും ആത്മവിശ്വാസവും സ്വാതന്ത്ര്യവും നൽകി എന്നത് ശരിയാണ്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ, കൂടുതൽ സമ്പാദിക്കുമ്പോഴും മാനസികമായി ഞാൻ കൂടുതൽ തളരുകയാണെന്ന് എനിക്ക് മനസ്സിലായിയെന്ന് ശുഭ് ജെയിൻ വ്യക്തമാക്കുന്നു.
സ്വന്തം നാട്ടിലേക്ക് മാറിയപ്പോൾ തുടക്കത്തിൽ 40,000 രൂപ മാത്രമാണ് ലഭിച്ചതെങ്കിലും, യഥാർത്ഥത്തിൽ താൻ കൂടുതൽ സമ്പന്നനായാണ് ജീവിക്കുന്നതെന്ന് ശുഭ് പറയുന്നു. വൻനഗരങ്ങളിലെ അമിത വാടകയോ മറ്റ് അദൃശ്യമായ ചെലവുകളോ ഇല്ലാത്തതാണ് ഇതിന് കാരണം.
ഇതിനകം അയ്യായിരത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്ന പല പ്രൊഫഷണലുകളും ഇതേ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കമന്റുകളിൽ വ്യക്തമാക്കുന്നു.
