വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് അമേരിക്കയിലെ അമിതമായ ആരോഗ്യ പരിപാലന ചെലവുകളെയും ഇന്ത്യയിലെ മെഡിക്കൽ സൗകര്യങ്ങളുടെ ലാളിത്യത്തെയും കുറിച്ചുള്ള ഒരു ഇന്ത്യൻ മുതിർന്ന പൗരന്റെ എക്സ് കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. അധീർ സിൻഹ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തന്റെ ഭാര്യയുടെ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിലെ സിയാറ്റിലിൽ എത്തിയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ മരുന്നുകൾ തീർന്നതിനെ തുടർന്ന് അവിടെയുള്ള ഒരു ഡോക്ടറെ കണ്ട് പുതിയ പ്രിസ്ക്രിപ്ഷൻ വാങ്ങാൻ ഇവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനായി വന്ന ചെലവ് ദമ്പതികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ഡോക്ടറെ കാണാനുള്ള കൺസൾട്ടേഷൻ ഫീസായി മാത്രം 283 ഡോളർ (ഏകദേശം 23,000 ഇന്ത്യൻ രൂപ) ഇവർക്ക് നൽകേണ്ടി വന്നു. തുടർന്ന് ഡോക്ടർ എഴുതി നൽകിയ മരുന്നുകൾ വാങ്ങിയപ്പോൾ ബില്ല് വീണ്ടും ഉയർന്നു; 42,000 രൂപ! അങ്ങനെ ആകെ മെഡിക്കൽ ബില്ല് 65,000 രൂപയ്ക്ക് മുകളിലായി.
ചെലവ് മാത്രമല്ല, മരുന്ന് ലഭിക്കാനുണ്ടായ കാലതാമസവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇന്ത്യയിൽ ഏതൊരു സാധാരണ മെഡിക്കൽ ഷോപ്പിലും എളുപ്പത്തിൽ ലഭിക്കുന്ന മരുന്നുകൾ അവിടെ ഫാർമസിയിൽ എത്തിച്ചേരാൻ 4 മുതൽ 5 ദിവസം വരെ എടുത്തു. ഒടുവിൽ മരുന്ന് കൈപ്പറ്റിയപ്പോഴാണ് മറ്റൊരു സത്യം അദ്ദേഹം മനസ്സിലാക്കിയത്; അത്രയും വലിയ തുക നൽകി വാങ്ങിയ മരുന്നുകൾ ‘സിപ്ല’ എന്ന ഇന്ത്യൻ കമ്പനി നിർമിച്ചതും അതിൽ “Made in India”എന്ന് രേഖപ്പെടുത്തിയതുമായിരുന്നു!
തന്റെ കയ്പേറിയ അനുഭവം വിവരിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ ജീവിതസൗകര്യങ്ങളെ പ്രകീർത്തിച്ചു.”ഇന്ത്യയിൽ എവിടെയും എളുപ്പത്തിൽ കിട്ടുന്ന മരുന്നുകൾ ഇവിടെ സംഘടിപ്പിക്കാൻ ഞങ്ങൾക്ക് 12 ദിവസമെടുത്തു. വിരമിക്കൽ കാല ജീവിതത്തിന് ഇന്ത്യയിലാണ് നിങ്ങൾ ഉള്ളതെങ്കിൽ നിങ്ങളാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ. ഇന്ത്യ വെറുമൊരു രാജ്യമല്ല, ഓരോ കോണിലും സൗകര്യങ്ങൾ നിറഞ്ഞ അതിശയകരമായ ഒരു ലോകമാണെന്ന് അദേഹം കുറിച്ചു.
ഈ പോസ്റ്റ് പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് ഇന്റർനെറ്റിൽ നടക്കുന്നത്. സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കും മരുന്നുകൾക്കും ഇന്ത്യ തന്നെയാണ് ഏറ്റവും മികച്ചതും ലാഭകരവുമെന്നും പലരും സമ്മതിച്ചു. അമേരിക്കയിൽ ഇൻഷുറൻസ് ഇല്ലാതെ ചികിത്സ തേടുന്നത് ആത്മഹത്യാപരമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള വിദഗ്ദ്ധ ചികിത്സയും ഉള്ളതിനാലാണ് യുഎസിൽ ചെലവ് കൂടുന്നത് എന്ന വാദവുമായി മറ്റ് ചിലരും രംഗത്തെത്തി.
