പലരും വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ജോലി ചെയ്യുമ്പോൾ സ്വന്തം താല്പര്യങ്ങളും മുൻഗണനകളും മാറ്റിവെക്കാറുണ്ട്. എന്നാൽ, ജോലിക്ക് നൽകുന്ന അതേ പ്രാധാന്യവും പ്രതിബദ്ധതയും സ്വന്തം ജീവിതത്തിനും നൽകണമെന്ന ഒരു യുവതിയുടെ തിരിച്ചറിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ശിറിൻ റായ് ഭരദ്വാജ് എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
“എന്റെ മുപ്പതുകളിലെ വലിയൊരു തിരിച്ചറിവ്” എന്ന തലക്കെട്ടോടെയാണ് ശിറിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് 34 വയസ്സ് തികഞ്ഞപ്പോഴാണ് ഈ വലിയ യാഥാർഥ്യം ബോധ്യപ്പെട്ടതെന്ന് ശിറിൻ പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തോടും മേലുദ്യോഗസ്ഥരോടും കാണിക്കുന്ന അതേ ശ്രദ്ധയും വിട്ടുവീഴ്ചയില്ലാത്ത മുൻഗണനയും സ്വന്തം കാര്യങ്ങളിലും കാണിക്കാൻ തുടങ്ങിയപ്പോൾ ജീവിതം മാറിമറിയാൻ തുടങ്ങിയതായി അവർ വ്യക്തമാക്കി.
തന്റെ ഏറ്റവും മികച്ച പതിപ്പ് ആദ്യം ലഭിക്കേണ്ടത് തനിക്ക് തന്നെയാണ്. ഈ മാറ്റം തന്റെ ജീവിതത്തിൽ വലിയ പോസിറ്റീവ് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, അതിനുശേഷം എടുത്ത തീരുമാനങ്ങളെല്ലാം ജീവിതത്തിലെ ഏറ്റവും മികച്ചവയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഈ മാറ്റത്തിനായി താൻ ഇത്രയും കാലം കാത്തിരുന്നതെന്ന് അറിയില്ലെന്നും, ഏതൊരു കാര്യമാണോ മനസ്സിന് സന്തോഷം തരാതെ വിഷമം ഉണ്ടാക്കുന്നത്, അത് ഉപേക്ഷിക്കുക തന്നെ വേണമെന്നും ശിറിൻ പറയുന്നു.
ഔദ്യോഗിക ജീവിതത്തിൽ വിജയിക്കാൻ ആളുകൾ ഉപയോഗിക്കുന്ന കഴിവുകൾ സ്വന്തം വ്യക്തിജീവിതത്തിലും പ്രയോഗിച്ചാൽ ജീവിതം കൂടുതൽ മനോഹരമാക്കാൻ സാധിക്കുമെന്ന് ശിറിൻ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കുന്നു. കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുക, ബജറ്റ് അച്ചടക്കം, തന്ത്രപരമായ ചിന്ത എന്നിവയെല്ലാം ജോലിയിൽ മാത്രമല്ല, ജീവിതത്തിലും പകർത്താം.
ഓഫീസിലെ ഒരു പ്രസന്റേഷൻ തെറ്റുകൂടാതെ ചെയ്യാൻ പലതവണ പരിശോധിക്കുന്ന നമ്മൾ, ഓഫീസിലെ ബജറ്റിലെ ഓരോ രൂപയും കൃത്യമായി കണക്കുകൂട്ടുന്ന നമ്മൾ, സ്വന്തം വ്യായാമ കാര്യത്തിലോ സാമ്പത്തിക കാര്യത്തിലോ അത്തരം ഒരു അച്ചടക്കം കാണിക്കാറില്ല. മറ്റുള്ളവർക്ക് വേണ്ടി മൂന്നടി മുന്നിൽ ചിന്തിക്കുന്ന താൻ, സ്വന്തം കാര്യത്തിൽ അത് ചെയ്യാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ 15 വർഷത്തെ കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ ഇപ്പോൾ സ്വന്തം ജീവിതത്തിൽ പ്രയോഗിച്ച് തുടങ്ങിയിരിക്കുകയാണെന്നും ശിറിൻ പറയുന്നു.
ശിറിന്റെ ഈ തുറന്നുപറച്ചിലിനോട് വലിയ രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലും സമാനമായ അനുഭവങ്ങളാണുള്ളതെന്ന് പലരും കമന്റുകളിലൂടെ രേഖപ്പെടുത്തി. “ഇതിനോട് പൂർണമായി യോജിക്കുന്നു” എന്ന രീതിയിലുള്ള നിരവധി അനുകൂല കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
