യുഎസിലെ ഫ്രിസ്കോയിൽ നടന്ന ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. അമേരിക്കകാരനായി ഒരു യുവാവിന് അയൽപക്കത്തെ വീട്ടിൽ നിന്നും അതിരാവിലെ അഞ്ച് മുതൽ തുടങ്ങുന്ന ബഹളങ്ങൾ കാരണം ഉറങ്ങാൻ പറ്റുന്നില്ലെന്ന് വ്യക്തമാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് പലതരത്തിലുള്ള തീ പാറും ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
ഒരു ഓസ്ട്രേലിയൻ കന്പനിയിൽ ജോലി ചെയ്യുന്ന യുഎസിലെ ഫ്രിസ്കോയിൽ താമസിക്കുന്ന യുവാവ് വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വരെയുള്ള ഷിഫ്റ്റിൽ ജോലി കഴിഞ്ഞ് പിന്നെയും ഒരു മണിക്കൂറിനു ശേഷമാണ് ഉറങ്ങാൻ കിടക്കുന്നത്. എന്നാൽ, തൊട്ടടുത്ത് താമസിക്കുന്ന ഇന്ത്യൻ അയൽവാസിയുടെ വീട്ടിൽ നിന്നും എല്ലാ ദിവസവും രാവിലെ അഞ്ച് മണി മുതൽ ബഹളമാണന്ന് യുവാവ് വ്യക്തമാക്കുന്നു.
അഞ്ച് മണി മുതൽ വലിയ വായിൽ ശബ്ദങ്ങളും റോഡിൽ വെള്ളം ഒഴിച്ച് കഴുകുന്നതും മുറ്റത്ത് കോലം വരയ്ക്കുന്ന ഒച്ചപാടുകളും കാരണം തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നുമാണ് യുവാവ് പരാതി പറയുന്നത്. താൻ അവരോട് തന്റെ ഉറക്ക സമയത്തെകുറിച്ച് പറഞ്ഞിരുന്നുവെന്നും അതിൽ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും യുവാവ് വെളിപ്പെടുത്തു. എന്നാൽ അമേരിക്കയിൽ താൻ താമസിക്കുന്ന പ്രദേശത്ത് രാത്രി 10 മുതൽ രാവിലെ 7 വരെ ശബ്ദങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്ന് നിയമം ഉള്ളതായും യുവാവ് പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ ഈ പോസ്റ്റ് പങ്കുവച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ഈ പ്രദേശത്ത് താമസിക്കുന്ന മറ്റ് താമസക്കാർക്ക് ഒന്നും ഇതുവരെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും. കൃത്യമായി പരാതിപെടണം എന്നുമുള്ള അഭിപ്രായങ്ങളാണ് പലരും പങ്കുവച്ചിരിക്കുന്നത്.
