ലണ്ടൻ നഗരത്തേക്കാൾ സുരക്ഷിതമായി മൊബൈൽ ഫോൺ കൈയിൽ പിടിച്ച് നടക്കാൻ സാധിക്കുന്നത് ഇന്ത്യയിലാണെന്ന വിദേശ സഞ്ചാരിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എമ്മ എന്ന വിദേശ വനിത താൻ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധേയമായത്.
ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് പലരും തനിക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നതായി എമ്മ പറയുന്നു. സാധനങ്ങൾ എപ്പോഴും സൂക്ഷിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഫോൺ പുറത്തെടുത്ത് നടക്കരുതെന്നുമായിരുന്നു നിർദേശം. എന്നാൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ തനിക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായതെന്ന് എമ്മ സാക്ഷ്യപ്പെടുത്തുന്നു.
കേരളം, വർക്കല, ഗുവാഹത്തി, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ താൻ യാതൊരു ഭയവുമില്ലാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് എമ്മ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ചിലപ്പോൾ ഇതൊരു വിവാദപരമായ പ്രസ്താവനയായി മാറിയേക്കാം. എങ്കിലും ലണ്ടനിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ സമ്മർദത്തോടെയാണ് ഞാൻ ഇന്ത്യയിൽ ഫോൺ ഉപയോഗിച്ച് നടന്നത്.” എമ്മ വീഡിയോയ്ക്കൊപ്പം കുറിച്ചു.
ലണ്ടൻ നഗരത്തിൽ നടക്കുമ്പോൾ ഫോൺ എപ്പോഴും കൈക്കുള്ളിൽ ഒതുക്കിപ്പിടിച്ച് അതീവ ജാഗ്രതയോടെ വേണം നടക്കാൻ. എന്നാൽ കേരളത്തിലും മേഘാലയയിലും യാത്ര ചെയ്തപ്പോൾ സാധനങ്ങൾ മോഷ്ടിക്കപ്പെടുമെന്ന ഭയം മനസിന്റെ ഒരു കോണിൽ പോലും ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയെക്കുറിച്ച് ഇതുവരെ കേട്ടിരുന്ന കഥകളെയെല്ലാം ഈ അനുഭവം തിരുത്തിക്കുറിച്ചതായി എമ്മ പറയുന്നു.
വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പലപ്പോഴും വിദേശ മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഇന്ത്യയുടെ നല്ല വശമാണ് ഈ വീഡിയോയിലൂടെ പുറത്തുവന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പ്രതികരിച്ചു.
