ഇന്ത്യൻ യുവതി ശ്രേയ മഹേന്ദ്രു, ഇന്ത്യ വിട്ട് തായ്ലൻഡിലേക്ക് സ്ഥിരതാമസമാക്കിയതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം, സ്ത്രീ സുരക്ഷ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് പൊതുവേ ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് തായ്ലന്റ്. തായ്ലന്റിലേക്ക് സ്ഥിരമായി താമസം മാറിയതിന്റെ കാരണം സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയുകയാണ് യുവതി. അതൊരിക്കലും ഇന്ത്യയെ നിരാകരിക്കുന്നതിനാലല്ലെന്ന് യുവതി ഏറ്റു പറയുന്നു. കരിയർ കൺസൾട്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ ശ്രേയ മഹേന്ദ്രു അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ബാങ്കോക്കിലേക്ക് മാറാനുള്ള തന്റെ തീരുമാനം മെച്ചപ്പെട്ട ദൈനംദിന ജീവിതം തേടിയാണെന്ന് വ്യക്തമാക്കിയത്.
എല്ലാവർക്കും വേണ്ടത് പത്ത് മിനിറ്റിൽ സാധനങ്ങൾ കൈയ്യിൽ എത്തുന്ന രീതിയല്ല, ചിലർക്ക് വേണ്ടത് ശ്വസിക്കാൻ നല്ല മികച്ച കാറ്റാണ്, അല്ലെങ്കിൽ കുറച്ച് സമാധാന അന്തരീക്ഷമാണ്, നല്ല വൃത്തിയുള്ള നഗരമാണ്, നല്ല അയൽക്കാരാണ് തുടങ്ങിയ വസ്തുതകളും ജീവിതത്തിന്റെ ഭാഗമാണെന്ന് യുവതി പറയുന്നു. വീഡിയോയിൽ നഗരജീവിതത്തിന്റെ മനോഹാരിതയെക്കുറിച്ചും അത് ആളുകൾക്ക് എത്രമാത്രം മനോഹരമായ നല്ല ജീവിതാന്തരീക്ഷവും ജീവിതനിലവാരവും മെച്ചപെടുത്തുമെന്നും ശ്രേയ വ്യക്തമാക്കുന്നു.
തായ്ലൻഡിലേക്ക് താമസം മാറുന്നതിനുമുമ്പ് ഇന്ത്യയിലെ തന്റെ വീടും കാറും വിറ്റു. ഈ മാറ്റം അതിനേക്കാൾ ഒക്കെ മൂല്യമുള്ളതാണെന്ന് കരുതുന്നു. എന്നാല്‍, തന്റെ തീരുമാനത്തിലൂടെ സ്വന്തം രാജ്യത്തെ തള്ളിക്കളയുകയോ നിരാകരിക്കുകയോ അല്ല, മറിച്ച് കൂടുതൽ ആരോഗ്യകരവും സന്തുലിതവുമായ ഒരു ദൈനംദിന ജീവിതം തെരഞ്ഞെടുക്കുകയാണെന്നും ശ്രേയ കൂട്ടിച്ചേര്‍ക്കുന്നു. വളരെ വേഗത്തിൽ തന്നെ ആളുകൾ ഈ വീഡിയോ ഏറ്റെടുത്തു. സമിശ്ര പ്രതികരണങ്ങളുമായാണ് ഈ വീഡിയോയ്ക്ക് താഴെ ആളുകൾ രംഗത്തെത്തിയത്.
