കോട്ടയം: കോട്ടയം ജില്ലയിലെ ലോട്ടറി മേഖലയ്ക്കു ഭീഷണിയായി വ്യാജ ലോട്ടറി വില്പന വീണ്ടും സജീവം. ഈരാറ്റുപേട്ട, പാലാ, കോട്ടയം, ചങ്ങനാശേരി, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാജ ലോട്ടറി വില്പന തകൃതിയായി നടക്കുന്നത്. വ്യാജ ലോട്ടറി വില്പനയില് മാത്രം വന്‍തുക ഓരോ ദിവസവും ജില്ലയില്‍ മറിയുന്നതായാണ് സൂചന. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഒറ്റ നമ്പര്‍ ലോട്ടറിയുടെ രീതിയിലാണ് വ്യാജ ലോട്ടറികളും പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളായി ജില്ലയില്‍ സര്‍ക്കാരിന്റെ ലോട്ടറി വില്പനയില് വന്‍ കുതിച്ചു ചാട്ടമുണ്ടായിരുന്നു. ഇതോടെ ലോട്ടറി വില്പന തൊഴിലായി സ്വീകരിച്ചവരും നിരവധിയായിരുന്നു. എന്നാല്‍ ഏതാനും നാളുകളായി ലോട്ടറി വില്പനയില് കടുത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്. മുമ്പുണ്ടായിരുന്നതിന്റെ പകുതി പോലും ടിക്കറ്റുകള്‍ കടകളില്‍ നിന്നും ഏജന്റുമാരുടെ പക്കല്‍ നിന്നും വിറ്റുപോകാത്ത സാഹചര്യമുണ്ടായതോടെയാണ് ലോട്ടറി തൊഴിലാളികള്‍ ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സംസ്ഥാന ലോട്ടറിയ്ക്കു ബദലായി വ്യാജ ലോട്ടറി വില്പന നടക്കുന്നതായി ഇവര്‍ കണ്ടെത്തിയത്.
സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ മാതൃകയില്‍ അവസാന നാലു അക്കങ്ങള്‍ മാത്രമായി ഗവണ്മെന്റ് നിശ്ചയിച്ച തുകയേക്കാള്‍ 40ശതമാനം തുക കിഴിച്ച് ഓണ്‍ലൈനായി പണം കൈപ്പറ്റുകയും അതാത് ദിവസത്തെ നറുക്കെടുപ്പിനു അനുസരിച്ചു അവസാന നാലു അക്കങ്ങള്‍ക്കു സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മാന തുക തന്നെ ലഭ്യമാക്കുന്ന രീതിയിലാണ് വ്യാജ ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്.
ദിവസവും നറുക്കെടുക്കുമ്പോള്‍ അവസാന നാലു അക്കങ്ങള്‍ക്കു ലഭിക്കുന്ന സമ്മാന തുക ഉടന്‍ തന്നെ അവര്‍ വിതരണം ചെയ്യും. വ്യാജ ലോട്ടറി വിലപ്നക്കാര് ഗൂഗിള്‍ പേയിലുടെ പണം വാങ്ങുന്നതും പതിവായിരിക്കുകയാണ്. 50 രൂപയുടെ ലോട്ടറി ടിക്കറ്റിനു 30 രൂപ മാത്രം നല്കിയാല് മതി. ഇങ്ങനെ പണം നല്കുമ്പോള് ലോട്ടറി ടിക്കറ്റ് നല്‍കിയില്ല, മറിച്ചു ഒരു പേപ്പറില്‍ നാലു നമ്പറുകള്‍ എഴുതി നല്‍കുകയാണ് ചെയ്യുന്നത്. നറുക്കെടുപ്പിനുശേഷം നമ്മുടെ പക്കലുള്ള നമ്പറുകള്‍ക്ക് സമ്മാനം ലഭിച്ചാല്‍ ഉടന്‍ തന്നെ പണം കൈയ്യില്‍ കിട്ടുകയും ചെയ്യും.
ജില്ലയില്‍ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ വ്യാജ ലോട്ടറി കച്ചവടമാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ടൗണുകളിലെ കടകളില്‍ ക്യുആര്‍ കോഡുകളിലുടെ പണം നല്കി ലോട്ടറി ടിക്കറ്റ് ഇല്ലാതെ ഭാഗ്യം പരീക്ഷിച്ചു നോക്കി സമ്മാനത്തുക വാങ്ങാവുന്നതാണ്.ഇത്തരം ലോട്ടറികള്‍ മേഖല കീഴടക്കിയതോടെ പല അംഗീകൃത ലോട്ടറി വില്പനക്കാരും തൊഴില്‍ ഉപേക്ഷിച്ച സാഹചര്യമാണ്. ചെറുകിട ലോട്ടറി കച്ചവടക്കാരും ഓള്‍സൈല്‍ കച്ചവടക്കാരും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്.
വ്യാജ ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഏജന്റുമാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇതു സംബന്ധിച്ചു ഈരാറ്റുപേട്ട നഗരസഭയിലെ അംഗീകൃത ലോട്ടറി തൊഴിലാളികള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും പരാതി നല്‍കിയിട്ടുണ്ട്.
