വാനാക്രൈയ്ക്ക് തൊടാന്‍ പോലുമാവാതെ ടെക്‌നോപാര്‍ക്ക് ; റാന്‍സംവെയര്‍ ആക്രമണത്തെ ടെക്കികള്‍ ഫലപ്രദമായി ചെറുത്തതിങ്ങനെ…

hack600തിരുവനന്തപുരം: ലോകം മുഴുവന്‍ വാനാക്രൈ എന്ന റാന്‍സംവൈറസിനെ ഭയക്കുമ്പോള്‍ ഒരു പേടിയുമില്ലാതെ സധൈര്യം പ്രവര്‍ത്തിക്കുകയാണ് ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍. അരലക്ഷത്തിലേറെ കമ്പനികള്‍ ഉള്ള ടെക്‌നോപാര്‍ക്കില്‍ ഇതുവരെ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട്് ചെയ്തിട്ടില്ല. പഴുതടച്ച സൈബര്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത് ഒന്നു കൊണ്ടു മാത്രമാണ് വൈറസിന് ഇവിടേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കാത്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ടെക്‌നോപാര്‍ക്കിലെ 60,000 ജീവനക്കാര്‍ക്കു നല്‍കുന്നതിനെക്കാള്‍ സുരക്ഷയാണ് 50,000 മെഷീനുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഈ സുരക്ഷയ്ക്ക് ഒരു പ്രധാനകാരണം. ഒഫീസിലെ കമ്പ്യൂട്ടര്‍ യാതൊരുവിധ സ്വകാര്യാവശ്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ്. ഒരു ടെക്കിക്കു തന്റെ മുന്നിലുള്ള ഓഫിസ് ഡെസ്‌ക്ടോപ്പില്‍ ഇ-മെയില്‍ പോലും തുറക്കാന്‍ കഴിയില്ലെന്ന് അറിയുക. യുഎസ്ബി പോര്‍ട്ടില്‍ പെന്‍ െ്രെഡവ് കുത്തിയാല്‍ ‘എടുത്തു കൊണ്ടു പൊയ്‌ക്കോ’ എന്നു കംപ്യൂട്ടര്‍ പറയും. സിഡി െ്രെഡവില്‍ സിഡി ഇട്ടാല്‍ അനങ്ങില്ല. ആകെ വഴിവിട്ടു ചെയ്യാനാകുന്നത് ഒന്നു മാത്രം. മൊബൈല്‍ ഫോണിന്റെ ഡേറ്റാ കേബിള്‍, കംപ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടില്‍ കുത്തി വേണമെങ്കില്‍ ചാര്‍ജ് ചെയ്യാം അത്രമാത്രം.

പിന്നെ മറ്റൊരു കാര്യം ഓരോ കംപ്യൂട്ടറും അഡ്മിന്റെ നിയന്ത്രണത്തിലാണെന്നതാണ്. കംപ്യൂട്ടറില്‍ ആരെങ്കിലും വേണ്ടാത്തതു കാട്ടിയാല്‍ ഉടന്‍ അഡ്മിന്‍ അറിയും. അതോടെ ആ പഴുതും അടയപ്പെടും. ഇക്കിളി വിഡിയോകളോ ഫോട്ടോകളോ ഓഫിസ് കംപ്യൂട്ടറുപയോഗിച്ചു കാണുകയോ കൈമാറുകയോ ചെയ്താല്‍ പിന്നെ പണി വേറെ നോക്കിയാല്‍ മതി. ബെംഗളൂരുവില്‍ അടുത്തിടെ ഒരു ടെക്കി വിഡിയോ കണ്ടു തീരുന്നതിനു മുന്‍പേ വീട്ടില്‍ പോയിരിക്കേണ്ടി വന്ന കഥ എല്ലാ ടെക്കികള്‍ക്കും മുന്നില്‍ മുന്നറിയിപ്പായി ഉള്ളതു കൊണ്ട് ആരും അത്തരം സാഹസങ്ങള്‍ക്കു മിനക്കെടാറില്ല.

നാലു കാര്യങ്ങളാണു ടെക്‌നോപാര്‍ക്കിലെ കമ്പനികളുടെ ഡേറ്റ സുരക്ഷിതമാക്കുന്നത്. അന്നന്നുള്ള ഡേറ്റാ ബാക്കപ്, ഡേറ്റ മുഴുവന്‍ ക്ലൗഡില്‍ സൂക്ഷിക്കല്‍, 24 മണിക്കൂര്‍ നിരീക്ഷണം, അപ്പപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്. ഇത്രയും സുരക്ഷാ വിലക്കുകളുണ്ടെങ്കിലും ടെക്കികള്‍ ആരും സൈബര്‍ ലോകത്തു പ്രവേശിക്കുന്നില്ലെന്നു കരുതരുത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയവയെല്ലാം കൈയിലെ സ്മാര്‍ട്‌ഫോണിലുള്ളതിനാല്‍ ഓഫിസിലിരിക്കുമ്പോഴും ഫോണിലൂടെ ലോകം മുഴുവന്‍ പോകാം. എന്നാല്‍, രാവിലെ ഓഫിസില്‍ എത്തിയാല്‍ ഉടന്‍ ടെക്കിയുടെ ഫോണ്‍ വാങ്ങി വയ്ക്കുന്ന കമ്പനികള്‍ ടെക്‌നോപാര്‍ക്കിലുണ്ട്. ജിമെയില്‍, യാഹൂ മെയില്‍ തുടങ്ങിയവ കംപ്യൂട്ടറില്‍ കിട്ടില്ലെങ്കിലും മെയില്‍ അയയ്ക്കാനും വാങ്ങാനും കൂടുതല്‍ സുരക്ഷിതമായ ലോട്ടസ്, ഔട്‌ലുക്ക് എക്‌സ്പ്രസ് തുടങ്ങിയവ ഉപയോഗിക്കാം. എന്നാല്‍ ഔദ്യോഗിക മെയിലുകള്‍ മാത്രമേ ഇവയില്‍ ലഭിക്കൂ.

ടെക്‌നോപാര്‍ക്കില്‍ വൈറസിന് ഇതുവരെ കടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വാനാെ്രെക വൈറസ് സംബന്ധിച്ച നാട്ടുകാരുടെ സംശയങ്ങളും ചോദ്യങ്ങളും ടെക്കികളുടെ ഫോണിലേക്കു പ്രവഹിക്കുകയാണ്. വൈറസ് കയറിയാല്‍ എന്തു ചെയ്യണമെന്നാണ് സകലരുടെയും സംശയം. കംപ്യൂട്ടറുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ടി ടെക്കികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.ഓപ്പറേറ്റിങ് സിസ്റ്റം അടിക്കടി അപ്‌ഡേറ്റ് ചെയ്യുകയാണ് അതില്‍ പ്രധാനം.അപരിചിതമായ ഇമെയിലുകള്‍ തുറക്കരുത്. കൂടാതെ അന്റി വൈറസുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. സോഫ്റ്റുവെയറുകളുടെ ക്രാക്ക്ഡ് വേര്‍ഷന്‍(വ്യാജ പതിപ്പ്) ഉപയോഗിക്കാതിരിക്കുക. വെറസ് ബാധയാല്‍ ഇന്‍ക്രിപ്റ്റ് ചെയ്ത ഫയലുകള്‍ ഡീക്രിപ്റ്റ് ചെയ്തു വീണ്ടെടുക്കാനുള്ള മാര്‍ഗം തെളിയും വരെ കാത്തിരിക്കുക, ഫയലുകള്‍ ബാക്ക് അപ് ചെയ്യുന്നതും വിലപ്പെട്ട ഫയലുകള്‍ സിഡിയിലോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്കിലോ അധികമായി സേവ് ചെയ്യുക തുടങ്ങിയവയാണ് മാര്‍ഗങ്ങള്‍.

ടെക്‌നോപാര്‍ക്കിലെ മിക്ക കമ്പനികള്‍ക്കും വൈറസ് ആക്രമണം ചെറുക്കാനുളള സൗകര്യമുണ്ടെങ്കിലും സൂക്ഷിക്കണമെന്നു ജീവനക്കാര്‍ക്കു മുന്നറിയിപ്പ്. വൈറസ് കടന്നുകൂടിയിട്ടുണ്ടെന്നു സംശയം തോന്നിയാല്‍ ഉടനടി ഓഫിസ് നെറ്റ്‌വര്‍ക്കില്‍ നിന്നു കംപ്യൂട്ടറിനെ വിച്ഛേദിക്കണമെന്നാണ് ഇന്നലെ ജീവനക്കാര്‍ക്കു ലഭിച്ച സന്ദേശം. മെയിലുകള്‍ക്ക് ഒപ്പമുള്ള അറ്റാച്ച്‌മെന്റുകള്‍ തുറക്കുമ്പോള്‍ നാലുവട്ടം ആലോചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ മൈക്രോസോഫ്റ്റില്‍ നിന്നു ലഭിക്കുന്ന മുന്നറിയിപ്പുകള്‍ നിരീക്ഷിച്ച് അപ്പപ്പോള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശമുണ്ട്. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ വൈറസ് ബാധയുണ്ടാവാനുള്ള താരതമ്യേന കുറവാണെന്നാണ് വിലയിരുത്തത്.

Related posts