കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ അരകിലോമീറ്ററോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായത്. ഇവ കടത്തിക്കൊണ്ട് പോയതാണെന്നാണു സംശയം.
സിഐഎസ്എഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ കനത്ത നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയാണിത്.
മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി ചില അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ മുറിച്ച് കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്.
വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്.
