കൊച്ചി: പോലീസ് ജീപ്പും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന് ജുവിന് (16) ആണു മരിച്ചത്.
ആനത്തടം സ്വദേശി തയ്യില്‍ പ്രദീപിന്റെ മകന് അനന്തകൃഷ്ണന് (16) ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
കഴിഞ്ഞ 15ന് ഉച്ചയോടെ പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്കു സമീപമായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ പോലീസ് ജീപ്പിടിച്ചാണ് അപകടമുണ്ടായത്.
ജുവിന് രാജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കരള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. വിദേശത്തായിരുന്ന ജുവിന്റെ പിതാവ് രാജു സംഭവമറിഞ്ഞ് നാട്ടിലെത്തി.
സംസ്കാരം നാളെ രാവിലെ പത്തിന് ആളൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും. അമ്മ: ബീന. സഹോദരി: ജൂനിയ (പ്ലസ്ടു വിദ്യാര്‍ഥിനി).
