അകാലത്തില്‍ ഭര്‍ത്താവും മകളും വിട്ടകന്നു ! കടം പെരുകിയപ്പോള്‍ വീടും നഷ്ടമായി; ആകെയുള്ള കൂട്ട് കാഴ്ചശക്തിയില്ലാത്ത മകന്‍; ഇന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സൗജന്യമായി മേക്കപ്പ് ചെയ്തു കൊടുക്കുന്നു…

ഇന്ന് സൗന്ദര്യബോധമുള്ളവര്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ആളുകളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍. ഇതില്‍ ഏറ്റവും പണച്ചിലവുള്ള ഒന്നാണ് വിവാഹ മേക്കപ്പ്. ഇത് പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.

എന്നാല്‍ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഫ്രീയായി മേക്കപ്പ് ഇട്ടു കൊടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു വനിതയുണ്ട്. അതാണ് ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ത്രിവേണി.

ജോലിയിലെ പൊലിമയൊന്നും ത്രിവേണിയുടെ ജീവിതത്തിലില്ല. എങ്കിലും കാശു കുറച്ച് കയ്യില്‍ നിന്നും പോയാലും പാവപ്പെട്ട പെണ്‍കുട്ടികളുടെ മുഖത്ത് ചിരി വിരിയിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ത്രിവേണി എന്ന ഈ നല്ല മനസ്സിനുടമ.

പൂത്തോള്‍ അടിയാട്ട് ലെയിനിലെ വാടകവീട്ടില്‍ മകനുമൊത്താണ് താമസം. ദുരന്തങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജീവിതത്തിന്റെ ഉടമയാണ് ത്രിവേണി.

ദുരന്തങ്ങള്‍ ഓരോ പ്രാവശ്യവും തളര്‍ത്തിയപ്പോഴും പ്രതിസന്ധി മറികടക്കാന്‍ ത്രിവേണിക്ക് തുണയായത് മേക്കപ്പ് കിറ്റാണ്. ആ മേക്കപ്പ് കിറ്റിലാണ് ത്രിവേണി ഇപ്പോള്‍ കാരുണ്യത്തിന്റെ ചായം കലര്‍ത്തിയിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ബ്രാന്‍ഡഡ് സൗന്ദര്യവര്‍ധകവസ്തുക്കളിലൂടെയാണ് പാവപ്പെട്ട പെണ്‍കുട്ടികളെ ത്രിവേണി അണിയിച്ചൊരുക്കുന്നത്. 15,000 രൂപ വില വരുന്ന എച്ച്.ഡി. മേക്കപ്പിലൂടെയാണിവര്‍ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കുന്നത്.

നിര്‍ധന വീടുകളിലെ വധുവിനെ സൗജന്യമായി ഒരുക്കാമെന്ന് വാഗ്ദാനം സാമൂഹികമാധ്യമത്തിലൂടെയാണ് ത്രിവേണി പങ്കുവെച്ചത്.

അങ്ങനെയാണ് മുണ്ടത്തിക്കോടു നിന്ന് ഒരു വിളിയെത്തുന്നത്. കല്യാണദിവസം രാവിലെ നേരത്തേ പുറപ്പെട്ടു. കുടുസ്സുമുറി, ഫാനില്ല. ബള്‍ബ് വേണമെങ്കില്‍ മറ്റൊരു മുറിയില്‍നിന്ന് മാറ്റിയിടണം.

വിയര്‍ത്തുകുളിച്ചെങ്കിലും വധുവിനെയൊരുക്കി സുന്ദരിയാക്കി ത്രിവേണി. ആഭരണങ്ങളണിയുന്ന സമയം കണ്ണുനിറഞ്ഞെന്ന് ത്രിവേണി. അരപ്പവന്‍ മാല മാത്രമാണ് ആഡംബരം.

ബാക്കിയുള്ള മാലകളും കമ്മലും വളകളുമെല്ലാം മുക്കുപണ്ടങ്ങള്‍. ഒടുവില്‍ ഒരുക്കം കഴിഞ്ഞ് കണ്ണാടി കാണിച്ചപ്പോള്‍ വധു ഹാപ്പി; ത്രിവേണിയും. മെയ് രണ്ടിന് മറ്റൊരു വിവാഹത്തിനും സൗജന്യമായി അണിയിച്ചൊരുക്കുന്നുണ്ട്.

പണം നല്‍കി സഹായിക്കാന്‍ കൈയ്യില്‍ പണമില്ലാത്തതിനാലാണ് ത്രിവേണി പെണ്‍കുട്ടികളെ സൗജന്യമായി മേക്കപ്പ് ചെയ്യാന്‍ സഹായിക്കാമെന്ന് തീരുമാനിച്ചത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ മകളുടെ ഓര്‍മ്മയ്ക്കായാണ് ഈ കാരുണ്യ പ്രവൃത്തി.

ദുരന്തങ്ങളുടെ തുടര്‍ക്കഥയാണ് ഈ വനിതയുടെ ജീവിതം. കടബാധ്യതകള്‍ താളംതെറ്റിച്ചപ്പോള്‍ വീട് വിറ്റു. നാലുവര്‍ഷംമുമ്പ് ഉണ്ടായ അപകടത്തില്‍ മകള്‍ രമ്യാ ലക്ഷ്മി മരിച്ചു.

രണ്ടുവര്‍ഷംമുമ്പ് ഭര്‍ത്താവ് സേതുവും ഹൃദയാഘാതംമൂലം വിട്ടുപോയി. ജീവിതത്തിലെ ഏക തുണയായ മകന്‍ രാംകുമാറിന് ജന്മനാ കാഴ്ചശക്തിയുമില്ല. ഈ പ്രതിസന്ധികളിലെല്ലാം ത്രിവേണിയെ തളരാതെ കാത്തത് മേക്കപ്പ് എന്ന തൊഴിലാണ്.

ത്രിവേണിയുടെ പ്രധാന വരുമാനമാര്‍ഗം കൂടിയാണിത്. സ്വന്തമായി പാര്‍ലര്‍ എന്നത് സാമ്പത്തികബാധ്യത ഓര്‍ക്കുമ്പോള്‍ സ്വപ്നങ്ങളിലേയില്ല.

ആറുവര്‍ഷമായി മേക്കപ്പ് രംഗത്തുള്ള ഇവര്‍ നിരവധി പരസ്യങ്ങള്‍ക്കും ഒരു തമിഴ് സിനിമയ്ക്കും വേണ്ടി മേക്കപ്പ് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment