ഉപ്പുതറ: അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ മക്കൾ. കഴിഞ്ഞദിവസം തലയ്ക്കടിയേറ്റു മരിച്ച മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രജനിയുടെ ഭർത്താവായ സുബിനെ പിന്നീട് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയെങ്കിലും അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ കാണാൻ താത്പര്യമില്ലെന്ന് മക്കൾ പോലീസിനെ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചേട്ടൻ സുഭാഷും അമ്മാവന്റെ രണ്ടു മക്കളും ചേർന്ന് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് കട്ടപ്പന നഗരസഭയുടെ ഇരുപതേക്കർ ശാന്തിതീരം വൈദ്യൂതി ശ്മശാനത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുബിനായി പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നു.
തമിഴ്നാട്ടിലേക്ക് കടന്ന സുബിൻ വ്യാഴാഴ്ച തിരിച്ചെത്തിയതായി പോലീസിന് വിവരം കിട്ടി.തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ സുബിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ സുബിൻ ജീവനൊടുക്കുകയായിരുന്നെന്നാണ് നിഗമനം .
വിവാഹം കഴിഞ്ഞതു മുതൽ സുബിനും രജനിയും തമ്മിൽ കലഹം പതിവായിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകൾ ചങ്ങനാശേരിയിൽ ബിരുദ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൻ പ്ലസ് ടൂവിനും ഇളയമകൻ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്.
രജനി കൊല്ലപ്പെട്ട ശേഷം ചീന്തലാർ ഇഞ്ചിമലയിലെ രജനിയുടെ വീട്ടിൽ മുത്തശിയുടെ സംരക്ഷണയിലാണ് ഇവർ കഴിയുന്നത്. സുബിൻ ജീവനൊടുക്കിയ വിവരം കുട്ടികളെ ശനിയാഴ്ചതന്നെ അറിയിച്ചിരുന്നു. എന്നാൽ കാണാൻ താത്പര്യമില്ലെന്ന് കുട്ടികൾ അറിയിക്കുകയായിരുന്നു.
