Set us Home Page

പാഡഴിച്ചത് ആരാധകരുടെ യുവരാജാവ്

പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ മൂന്നു ലോകകപ്പുകൾ… വെള്ളക്കാരന്‍റെ അഹന്തയ്ക്കു മേൽ താണ്ഡവമാടി ഒരോവറിൽ എണ്ണം പറഞ്ഞ ആറു സിക്സറുകൾ… നിർണായക ഘട്ടങ്ങളിൽ വിക്കറ്റെടുത്തും പന്തു പറന്നു പിടിച്ചും ആരാധകരുടെ മനസ് പിടിച്ചെടുത്ത രാജകുമാരൻ, യുവരാജ് സിംഗ്. അർബുദരോഗത്തോടു പോരാടി ജീവിതത്തിലേക്കു തിരിച്ചെത്തിയ യുവി ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് പുരോഗമിക്കുന്നതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

പ്രതിഭയും കളിമികവും കണക്കുകളും നോക്കിയാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാളാണ് യുവരാജ്. സച്ചിൻ തെൻഡുൽക്കറിന് ശേഷം ഇത്രയധികം ആരാധകപ്രീതി നേടിയ മറ്റൊരു കളിക്കാരനുമുണ്ടായിട്ടില്ല.

മൂന്ന് ലോകകപ്പുകൾ രാജ്യത്തിന് സമ്മാനിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു ഈ പഞ്ചാബുകാരൻ. 2011-ലെ ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് പുരസ്കാരം നേടിയാണ് യുവരാജ് ഇന്ത്യയെ തോളിലേറ്റിയത്. മോശം ഫോമിനെ തുടർന്ന് പഴികേട്ടാണ് യുവരാജ് ലോകകപ്പിനെത്തിയത്. 362 റണ്‍സും 15 വിക്കറ്റും നേടി ലോകകപ്പിലെ നാല് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചായി.

ഇതിൽ അയർലൻഡിനെതിരേ നടന്ന ഗ്രൂപ്പ് പോരാട്ടത്തിൽ അഞ്ച് വിക്കറ്റും അർധശതകവും സ്വന്തമാക്കി. ലോകകപ്പിലെ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റും അർധശതകവും നേടിയ ഏക താരവും യുവരാജ് തന്നെ. ശ്രീലങ്കയുടെ അരവിന്ദ ഡിസിൽവ (1996), ദക്ഷിണാഫ്രിക്കയുടെ ലാൻസ് ക്ലൂസ്നർ (1999) എന്നിവർക്ക് ശേഷം ഒരു ലോകകപ്പിൽ നാല് മാൻ ഓഫ് ദ മാച്ചുകൾ നേടുന്ന ഏക താരവുമായി യുവരാജ്.

എം.എസ്.ധോണി ഇന്ത്യൻ നായക സ്ഥാനത്തേയ്ക്കുള്ള പടവുകൾ ചവിട്ടി കയറിയതിനും യുവരാജ് നിമിത്തമായി. 2007-ൽ പ്രഥമ ട്വന്‍റി-20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയതോടെയാണ് ധോണി നായകസ്ഥാനം ഉറപ്പിക്കുന്നത്.

ടൂർണമെന്‍റിൽ യുവരാജ് മിന്നുന്ന ഫോമിലായിരുന്നു. സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിന്‍റെ സ്റ്റുവർട്ട് ബ്രോഡിനെതിരേ ഒരോവറിൽ നേടിയ ആറ് സിക്സറുകൾ ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. മത്സരത്തിൽ 12 പന്തിൽ യുവരാജ് അർധശതകം പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധശതകമെന്ന ഈ റിക്കാർഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല.

സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ 30 പന്തിൽ 70 റണ്‍സ് അടിച്ചുകൂട്ടി യുവരാജ് മാൻ ഓഫ് ദ മാച്ചായി. മത്സരത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളായ ബ്രറ്റ് ലീയ്ക്കെതിരേ നേടിയ 119 മീറ്റർ സിക്സർ ഇന്നും ആരാധക മനസിൽ തങ്ങിനിൽക്കുന്നു.

ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ 19-ാം വയസിലാണ് ക്രിക്കറ്റ് ലോകം യുവരാജ് സിംഗ് എന്ന ഇടംകൈയ്യനെ ശ്രദ്ധിച്ചു തുടങ്ങിയത്. 2000 ജനുവരിയിൽ ശ്രീലങ്കയിൽ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ചതും യുവരാജിന്‍റെ ഒറ്റയാൾ പോരാട്ടം. മുഹമ്മദ് കൈഫ് നായകനായ ടീമിലെ സൂപ്പർ ഹീറോയായിരുന്നു യുവരാജ്. ആതിഥേയരായ ശ്രീലങ്കയെ തോല്പിച്ച് ഇന്ത്യ കന്നി കിരീടം നേടിയതിന് പുറമേ യുവരാജ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.

അധികം കാത്തിരിക്കേണ്ടി വന്നില്ല. അതേവർഷം ഒക്ടോബറിൽ തന്നെ ഇന്ത്യൻ ടീമിലേയ്ക്ക് വിളിയെത്തി. കെനിയയിലെ നെയ്റോബി വേദിയായ ഐസിസി നോക്കൗട്ട് ടൂർണമെന്‍റിനുള്ള ടീമിലാണ് യുവരാജിനെ ഉൾപ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തിൽ കെനിയയ്ക്കെതിരേ യുവരാജ് ബാറ്റ് ചെയ്യുന്നതിന് മുൻപ് ഇന്ത്യ ജയിച്ചു.

എന്നാൽ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം മത്സരത്തിൽ യുവരാജ് കൊടുങ്കാറ്റായി. 84 റണ്‍സ് നേടിയ യുവിയുടെ മികവിൽ ഇന്ത്യ ഓസീസിനെ 20 റണ്‍സിന് തോല്പിച്ചു. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയ യുവിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.

2011-ലെ ഏകദിന ലോകകപ്പിന് പിന്നാലെ ശ്വാസകോശത്തിൽ അർബുദം ബാധിച്ചതാണ് യുവിയുടെ കരിയറിനെ പിന്നോട്ടടിച്ചത്. ഒരു വർഷത്തോളം തുടർന്ന ചികിത്സകൾക്ക് ശേഷം യുവി മടങ്ങിയെത്തിയെങ്കിലും ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS