കോഴിയെയും താറാവിനെയും മോഷ്ടിക്കുന്ന കോടീശ്വരന്‍ ! കാരണമായി പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാരുടെ കണ്ണുതള്ളി

ബെയ്ജിംഗ്: കോഴി മോഷ്ടാക്കള്‍ എല്ലാ നാട്ടിലുമുണ്ട്. നല്ല ജീവിതം നയിക്കുന്ന ആളുകളാവില്ല ഇവരൊക്കെ. എന്നാല്‍ സ്വന്തം ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കോഴികളെയും താറാവുകളെയും മോഷ്ടിച്ച കോടീശ്വരന്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചൈനയിലെ സിചുവാന്‍ പ്രവശ്യയില്‍ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കിയാണ് ഇയാള്‍ ബിഎംഡബ്ല്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതിനു പിന്നിലെ ആഡംബര ജീവിതം നയിക്കുന്ന കോടീശ്വരനാകുമെന്ന് നാട്ടുകാര്‍ കരുതിയില്ല. കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ പരാതി ലഭിച്ച ഗ്രാമങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് പോലീസിന് വ്യക്തമായി. ഈ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്ന പോലീസ് ഈ ബൈക്കിനെ പിന്തുടരാന്‍ ആരംഭിച്ചു. ഈ ബൈക്ക് ഒരു സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും അവര്‍ കണ്ടെത്തി. എന്നാല്‍ വീട്ടുടമസ്ഥനെയും മോഷ്ടാവിനെയും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെളിവ് പോലീസിന് ലഭിച്ചില്ല. തുടര്‍ന്ന് ഈ വീടും പോലീസ് നിരീക്ഷിക്കുവാന്‍ ആരംഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ വീട്ടില്‍ സ്ഥിരമായി കോഴി കച്ചവടക്കാര്‍ എത്തുന്നുണ്ടെന്ന് പോലീസ് അറിഞ്ഞു. എന്നാല്‍ അവര്‍ക്ക് ഈ മോഷണവുമായി ബന്ധമില്ലെന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മനസിലായി.

ഇതോടെ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് ബോധ്യമായ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ തീരുമാനിച്ചു. പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ സംഭവത്തില്‍ അസ്വഭാവികത തോന്നിയ ഇയാള്‍ പോലീസിനെ വെട്ടിച്ച് തന്റെ ആഡംബര കാറില്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ വീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വീടിനുള്ളില്‍ പരിശോധിച്ച പോലീസ് അവിടെ മോഷ്ടാവ് സൂക്ഷിച്ചിട്ടിരുന്ന നിരവധി കോഴികളെയും താറാവുകളെയും കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സംഭവമെല്ലാം കലങ്ങിത്തെളിഞ്ഞെന്നു കരുതി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇയാളെ പോലീസ് പിടികൂടി.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍, തന്റെ ആഡംബര വാഹനത്തിനുള്ള ഗ്യാസ് വാങ്ങുവാനാണ് താന്‍ കോഴികളെ മോഷ്ടിച്ചതെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താന്‍ കാറിനുള്ള ഗ്യാസ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഷണ കുറ്റം ചുമത്തപ്പെട്ട ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

Related posts