കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളിലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം. നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളും നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു. കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ തുടങ്ങിയവയും ആക്രമിക്കപ്പെട്ടു.
