പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന: പി.കെ. ശ്രീമതി

knr-sreemathiകണ്ണൂര്‍: പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് പി.കെ. ശ്രീമതി എംപി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.    പാവപ്പെട്ടവരെ പിഴിഞ്ഞിട്ടുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇവരെ പ്രതിരോധിക്കാന്‍ ദുര്‍ബലമായ പ്രതിപക്ഷമാണ് സഭയിലുള്ളത്. പെന്‍ഷന്‍ തുകയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും കാറ്റഗറി തിരിച്ചുള്ള വര്‍ധന വരുത്തണമെന്നും ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശ്രീമതി പറഞ്ഞു.

രാവിലെ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, എം.വി. ജയരാജന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, പി.കെ. വേലായുധന്‍, ടി.ഒ. മോഹനന്‍, വി.പി. കൃഷ്ണപൊതുവാള്‍, എന്‍.പി. പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് സംസ്ഥാന കൗണ്‍സില്‍ യോഗവും നടക്കും. സമ്മേളനം നാലിന് സമാപിക്കും.

Related posts