മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ കേസ്; അപകടമുണ്ടാക്കിയ ഡ്രൈവര്‍ കസ്റ്റഡിയില്‍

ktm-arrest-handമുക്കം: അമിതവേഗതയില്‍ ഓടിച്ച കാര്‍ സ്കൂള്‍ ബസില്‍ ഇടിച്ചുണ്ടായ അപകടം ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവര്‍ പള്ളത്ത് ഷാജഹാനെതിരെയാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. ആക്രമത്തിനിരയായ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരായ റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല എന്നിവരുടെ പരാതിയില്‍ മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം .

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഗേറ്റുംപടിയില്‍ തിരുവമ്പാടി റബര്‍ കമ്പനിക്ക് സമീപമായിരുന്നു  അപകട . ബസില്‍  തിരുവമ്പാടി  എസ്എച്ച്‌യുപി സ്കൂളിലെ നിരവധി  വിദ്യാര്‍ഥികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.  കാറിന്റെ അമിതവേഗത കണ്ട്  ഡ്രൈവര്‍  ബസ് ഒതുക്കി നിര്‍ത്തിയെങ്കിലും മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇതിനിടെയാണ്  അപകടം ചിത്രീകരിക്കുകയായിരുന്ന സിടിവി കാമറാമാന്‍മാരായ റഫീഖ് തോട്ടുമുക്കം, രാജേഷ്  കാരമൂല എന്നിവരെ  ഇതുവഴിയെത്തിയ മദ്യപസംഘം മര്‍ദിച്ചത്. കാമറ നശിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. അക്രമി സംഘത്തിലെ  മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് മദ്യകുപ്പികള്‍ പോലീസ് പിടിച്ചെടുത്തു.

Related posts