കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ല പടരുന്നു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം കണ്ടെത്തിയത്.
രോഗബാധയുടെ പശ്ചാത്തലത്തിൽ നാദാപുരം മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച 54 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.
ഈ മാസം മാത്രം നാൽപ്പതിലേറെ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാനും, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
