100 വയസ് പിന്നിട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

EKM-CENTRALJAILവിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. കേരളത്തിലെ പ്രസിദ്ധമായ ഈ ജയിലിന് നൂറു വയസ് തികഞ്ഞത് രണ്ടു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് വയസ് 102. 1914 ല്‍ കൊച്ചിരാജ്യത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ജയില്‍ സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളില്‍ ഒന്നായി മാറി. കണ്ണൂരിലും തിരുവനന്തപുരത്തെ പൂജപ്പുരയിലുമാണ് മറ്റ് രണ്ട് സെന്‍ട്രല്‍ ജയിലുകള്‍ ഉള്ളത്.

ഏതാണ്ട് 300 വര്‍ഷം മുമ്പ് തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിനു സമീപമായിരുന്നു തൃശൂര്‍ ജയില്‍ ഉണ്ടായിരുന്നത്. ശക്തന്‍ തമ്പുരാന്റെ ഭരണകാലത്ത് തൃശൂര്‍ പൂരം നടക്കുമ്പോള്‍ തടവുകാര്‍ക്കു കൂടി പൂരം ആസ്വദിക്കാന്‍ പാകത്തില്‍ പ്രത്യേകസ്ഥലത്ത് കുടമാറ്റം നടത്തിയിരുന്നതായി പറയപ്പെടുന്നു. 1914ല്‍ ക്ഷേത്രഭാരവാഹികളുടെ അഭ്യര്‍ഥന മാനിച്ച് ഈ ജയില്‍ വിയ്യൂരിലേക്ക് മാറ്റുകയാണുണ്ടായത്.
അങ്ങനെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിതമായത്.

പേരുകേട്ട പല രാഷട്രീയനേതാക്കളും ഇവിടെ രാഷ്ട്രീയ തടവുകാരായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊടും കുറ്റവാളികളും തീവ്രവാദകേസില്‍ പെട്ടവരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച രാഷ്ട്രീയ കൊലപാതക കേസുകളിലെ കുറ്റവാളികളും ഇവിടെയെത്തിയിട്ടുണ്ട്.പടുകൂറ്റന്‍ വൃത്താകൃതിയിലുള്ള ചുറ്റുമതിലും ഉയരം കൂടിയ നിരീക്ഷണ ഗോപുരം അഥവാ വാച്ച് ടവറും ജയിലിലെ വിവിധ ഓഫീസുകളും വനിതാ ജയിലും സബ് ജയിലും എല്ലാമടങ്ങുന്നതാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍.

കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഇടം എന്ന പതിവ് ചിട്ടയില്‍ നിന്ന് മാറി കുറ്റവാളികളെ മാനസികപരിവര്‍ത്തനം നടത്തി അവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും ജയിലില്‍ നിന്നിറങ്ങിയാല്‍ പുതിയ ജീവിതമാര്‍ഗം സ്വീകരിക്കാനും പ്രാപ്തരാക്കും വിധം തടവുകാരെ മാറ്റിയെടുക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിയിട്ടുണ്ട്.ഇവിടെ നിന്നും പുറത്തിറക്കിയ ജയില്‍ ചപ്പാത്തി കേരളം മുഴുവന്‍ പേരെടുത്ത ഉത്പന്നമായി. പിന്നീട് ബേക്കറി ഉത്പന്നങ്ങളും ഓണക്കാലത്ത് കായ വറുത്തതും ഇപ്പോള്‍ നെറ്റിപ്പട്ട നിര്‍മാണവുമെല്ലാം ഇവിടെ സജീവമാണ്.

വിയ്യൂര്‍ ജയിലിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച ഹൈ സെക്യൂരിറ്റി പ്രിസണ്‍ രാജ്യത്തെ അതീവ സുരക്ഷാ ജയിലിന്റെ ഗണത്തിലുളളതാണ്. കൊടും കുറ്റവാളികള്‍, തീവ്രവാദികള്‍ തുടങ്ങിയവരെ പാര്‍പ്പിക്കാനുള്ള കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള, അത്യാധുനിക ക്രമീകരണങ്ങളുള്ള ഹൈ സെക്യൂരിറ്റി പ്രിസണ്‍ വിയ്യൂര്‍ ജയിലിനെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കി.ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ബ്ലോക്ക് ഒരുക്കി വിയ്യൂര്‍ ജയില്‍ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇഫ്താര്‍ സംഗമവും ഓണാഘോഷവും ക്രിസ്മസ് വിരുന്നുമൊക്കെ വിയ്യൂര്‍ ജയിലില്‍ ആഘോഷിക്കാറുണ്ട്. തടവുകാരുടെ കലാകായിക മത്സരങ്ങള്‍ വര്‍ഷം തോറും നടത്താറുണ്ട്. നല്ലൊരു ലൈബ്രറിയും ഇവിടെ തടവുകാര്‍ക്കുണ്ട്.

വിയ്യൂര്‍ ജയില്‍ കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഫ്രീഡം പാര്‍ക്ക് കുട്ടികളുടെ പ്രിയപ്പെട്ട പാര്‍ക്കായി മാറിക്കഴിഞ്ഞു. ഒഴിവുദിവസങ്ങളില്‍ കുട്ടികളുടെ വന്‍തിരക്കാണിവിടെ അനുഭവപ്പെടുന്നത്.പൂരത്തിന്റെ നാട്ടിലെ ജയിലായതുകൊണ്ടു തന്നെ തടവുകാരെ ഇവിടെ ചെണ്ട വാദ്യം പഠിപ്പിക്കുന്നുണ്ട്. നൂറു വയസ് പിന്നിട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിഷ്കാരങ്ങളുടെ പാതയിലൂടെയാണ് മുന്നേറുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഭൂരിഭാഗം പേരും ഇവിടെ നിന്നും ശിക്ഷ കഴിഞ്ഞ് പോകുമ്പോള്‍ പുതിയ മനുഷ്യരായി മാറിയാണ് സമൂഹത്തിലേക്ക് ഇറങ്ങുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സവിശേഷതയും അതാണ്.

Related posts