1000 മാന്ത്രിക വിദ്യകളുമായി അന്താരാഷ്ട്ര മാജിക് കണ്‍വന്‍ഷനു നാളെ തുടക്കം

tcr-magicതൃശൂര്‍: ആയിരം മാന്ത്രികര്‍ ഒരേവേദിയില്‍ അണിനിരക്കുന്ന അന്താരാഷ്ട്ര മാജിക് കണ്‍വന്‍ഷന്‍ “മന്ത്ര’യ്ക്കു നാളെ തൃശൂരില്‍ തുടക്കമാകുമെന്നു മജീഷ്യന്‍ സമ്രാജ് പറഞ്ഞു. രണ്ടു ദിവസങ്ങളിലായി സംഗീതനാടക അക്കാദമി റീജണല്‍ തിയറ്ററിലാണ് കണ്‍വന്‍ഷന്‍. നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാകും. സി.എന്‍. ജയദേവന്‍ എംപി, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ലോക പ്രശസ്ത മാന്ത്രികന്‍ ജാദൂഗര്‍ ആനന്ദ് മാജിക് ഷോ ഉദ്ഘാടനം ചെയ്യും. അക്കാദമിയിലെ വിവിധ വേദികളില്‍ മാന്ത്രികര്‍ക്കായുള്ള മത്സരങ്ങള്‍, പഠനക്ലാസുകള്‍, വിദേശ മാന്ത്രികരുമായുള്ള മുഖാമുഖം എന്നിവ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മാന്ത്രികര്‍ക്കു മാത്രമാണ് പ്രവേശനം. ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖരായ മാന്ത്രികരെ ചടങ്ങില്‍ ആദരിക്കും.

14നു വൈകീട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. “മന്ത്ര’ ജനറല്‍ കണ്‍വീനര്‍ മജീഷ്യന്‍ സമ്രാജ് അധ്യക്ഷനാകും. കണ്‍വന്‍ഷനില്‍ നടത്തുന്ന വിവിധ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സംഗീതനാടക അക്കാദമി മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ഇന്നസെന്റ് എംപി, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ്, എല്‍ ഐസി ഡിവിഷണല്‍ മാനേജര്‍ എ.എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും. മജീഷ്യന്‍ രാജ്കുമാര്‍, നിശാന്ത്, അബ്ദുള്‍ റസാഖ്, അനന്ത്കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
‘മന്ത്ര”: ഗിന്നസ് റിക്കാര്‍ഡ് പ്രകടനം 15ന്
തൃശൂര്‍: 250 മാന്ത്രികര്‍ ഒരു വേദിയില്‍ ഇടവേളകളില്ലാതെ നടത്തുന്ന മാജിക് പ്രകടനം ഗിന്നസ് റിക്കാര്‍ഡ് ശ്രമത്തിന് ഒരുങ്ങുന്നു. ഓരേ വേദിയില്‍ ഏറ്റവും കൂടുതല്‍ മാന്ത്രികര്‍ മാജിക് അവതരിപ്പിക്കുന്ന വിഭാഗത്തിലാണ് പ്രകടനം ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര മാജിക് കണ്‍വന്‍ഷന്‍ “മന്ത്ര’യുടെ ഭാഗമായി 15നു ശോഭാ സിറ്റി മാളിലാണ് പ്രകടനം സംഘടിപ്പിക്കുന്നത്. ലോക സമാധാനത്തിനായി വിസ്മയ ചങ്ങല തീര്‍ക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഇറ്റലിയില്‍ 134 മാന്ത്രികരും ഡല്‍ഹിയില്‍ 162 മാന്ത്രികരും അവതരിപ്പിച്ച റിക്കാര്‍ഡാണ് നിലവിലുള്ളത്. ഒരു മാന്ത്രികനു രണ്ടുമിനിറ്റാണ് അവതരണത്തിന് അനുവദിക്കുക. രാവിലെ ഒമ്പതുമുതല്‍ നടക്കുന്ന പ്രകടനം പൊതുജനങ്ങള്‍ക്കു സൗജന്യമായി കാണാം. നിരവധി ഇന്ദ്രജാല പുരസ്കാരങ്ങള്‍ നേടിയ കേരളത്തിലെ സീനിയര്‍ മജീഷ്യന്‍ പി.എം മിത്ര മാജിക് അവതരിപ്പിച്ചു പ്രകടനം തുടങ്ങും.     മന്ത്ര ഇന്റര്‍നാഷണല്‍ മാജിക് കണ്‍വന്‍ഷന്‍ കമ്മിറ്റി, സമ്രാജ് വേള്‍ഡ് ഓഫ് മാജിക്, ഓസ്കാര്‍ ഇവന്റ്‌സ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related posts