1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ നിര്‍മാണ മേഖല പ്രതിസന്ധിയിലായി;പണിയെടുക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രം

ALP-RUPESകോട്ടയം: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് നിര്‍മാണ മേഖലയാണ്.    നിര്‍മാണ മേഖല ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് പണി ചെയ്യുന്നത്. അവര്‍ക്ക് പഴയ നോട്ടുകള്‍ നല്കിയാല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതിനാല്‍ പ്രശ്‌നമില്ലെന്നു പറയുന്നു.

മലയാളികളുള്ള സൈറ്റുകളില്‍ പണി സ്തംഭിച്ചിരിക്കുകയാണ്. പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന ചില വിഭാഗം തൊഴിലാളികള്‍ മാത്രമാണ് പണിയെടുക്കുന്നത്. ഇവര്‍ക്ക് കിട്ടുന്ന പഴയ നോട്ടുകള്‍ മാറാനായി വീട്ടിലുള്ള മറ്റ് അംഗങ്ങളെ നിയോഗിച്ചിരിക്കുകയാണ്. മൂന്നും നാലും സൈറ്റുകളുള്ള കോണ്‍ട്രാക്ട്രര്‍മാരുണ്ട്. ഇവരുടെ പകുതി സൈറ്റില്‍ പോലും പണി നടക്കുന്നില്ല. കമ്പി, സിമന്റ്, വ്യാപാര രംഗത്തും പ്രതിസന്ധി നേരിടുന്നുണ്ട്. പണമുള്ളവര്‍ക്കു പോലും ദിവസം നാലായിരം രൂപയേ മാറാന്‍ കഴിയുന്നുള്ളു എന്നതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. ഒരു മാസത്തോളം പ്രതിസന്ധി തുടരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ബിസിനസ്് രംഗം താറുമാറായി എന്നു തന്നെ പറയാം. ഒരു മുറുക്കാന്‍ കടയില്‍ പോലും കച്ചവടം നടക്കുന്നില്ല. പണം ആരുടെയും കൈവശമില്ല എന്നതാണ് ഇതിനു കാരണം. മെഡിക്കല്‍ ഷോപ്പുകളില്‍ പോലും കാര്യമായ കച്ചവടമില്ല. രണ്ടു വര്‍ഷമായി കച്ചവട മാന്ദ്യം നേരിട്ടുകൊണ്ടിരിക്കെയാണ് ഇരുട്ടടി പോലെ നോട്ടുകള്‍ പിന്‍വലിച്ചത്. ഇനിയിപ്പോള്‍ പ്രതിസന്ധി മാറിക്കിട്ടാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കൂകൂട്ടല്‍.

Related posts