ഉരുള്‍പൊട്ടല്‍ ബന്ധുവിനെ കൊണ്ടുപോകുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു ! കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പില്‍; ഉള്ളു നുറുങ്ങുന്ന വേദനയിലും കുട്ടിപ്പോലീസായി വേഷമിട്ട് കര്‍മനിരതയായി പത്താംക്ലാസുകാരി…

ഉരുള്‍പൊട്ടല്‍ വീടിനെയും ബന്ധുക്കളെയും നഷ്ടമാക്കിയിട്ടും വേദന കടിച്ചമര്‍ത്തി തന്റെ നാട്ടുകാര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് ഓടി നടക്കുകയാണ് പത്താം ക്ലാസുകാരിയായ മിസ്രിയ. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്രിയ പിറ്റേന്നു രാവിലെ മുതല്‍ ക്യാംപില്‍ സജീവമായി. പച്ചക്കാട് മലയില്‍നിന്നുള്ള കുടുംബങ്ങള്‍ക്ക് നഷ്ടമായത് അഞ്ച് പേരെയാണ്. ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഓടി നടക്കുകയാണ് ഈ മിടുക്കി. എല്ലാം നഷ്ടപ്പെട്ട് കരയാന്‍ നില്‍ക്കുന്നവരും മിസിരിയയുടെ മുഖത്തെ പുഞ്ചിരി കണ്ടാല്‍ കരയാന്‍ മറന്ന് പോകും.

മിസിരിയയുടെ സ്‌കൂളില്‍ തന്നെ തുറന്ന ക്യാംപില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആയി സേവനത്തിന് ഇറങ്ങുകയായിരുന്നു ഈ പത്താം ക്ലാസ്‌കാരി. എത്ര വിഷമമുണ്ടെങ്കിലും തന്റെ നാട്ടുകാരെ സഹായിക്കാനും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യാനും മിസിരിയക്ക് മടിയൊന്നും ഇല്ല. എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ എല്ലാം കൊടുത്ത് ക്യാമ്പിലെ മിടുക്കി കുട്ടിയായിരിക്കുകയാണ് മിസിരിയ.

വീട് നഷ്ടമായതിനാല്‍ ഉപ്പ സുലൈമാനും ഉമ്മ സലീനയും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. മലയൊന്നാകെ ഇളകി തൊട്ടുമുന്നിലൂടെ ഒഴുകിപ്പോയതും ഭൂമി കുലുങ്ങിയതുമെല്ലാം വിവരിക്കുന്നുണ്ട് മിസ്രിയ. മനസ്സിന് ‘ഷോക്ക്’ ആയിട്ടുണ്ടെങ്കില്‍ സേവനത്തിന് ഇറങ്ങേണ്ടെന്ന് അദ്ധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. ‘എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം’ എന്ന് പറഞ്ഞാണ് മിസിരിയ സേവനസന്നദ്ധയായത്.

Related posts