അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള ലൈബ്രറിയിൽ നിന്ന് എടുത്ത മാസിക 132 വർഷങ്ങൾക്ക് ശേഷം തിരിച്ചേൽപ്പിച്ചു. കോൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്ത ‘ദി സെഞ്ച്വറി ഇല്ലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ (The Century Illustrated Monthly Magazine) എന്ന പ്രസിദ്ധീകരണത്തിന്റെ 1894 സെപ്റ്റംബർ പതിപ്പാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്.
ബെയറിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ (84) എന്ന വയോധികനാണ് മാഗസിൻ ലൈബ്രറിയിൽ തിരിച്ചേൽപ്പിച്ചത്. 132 വർഷം അഥവാ 48,220 ദിവസങ്ങൾ വൈകി തിരിച്ചേൽപ്പിച്ച ഈ മാഗസിന് ലൈബ്രറി നിയമപ്രകാരം കണക്കാക്കിയാൽ 12,055 ഡോളർ (ഏകദേശം ₹11.5 ലക്ഷം) പിഴയടയ്ക്കേണ്ടി വരുമായിരുന്നു.
ലൈബ്രറിയിലെ പുസ്തക കുടിശ്ശിക പിഴകൾ പൂർണമായും ഒഴിവാക്കിയതായി അടുത്തിടെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹാൻസൺ മാഗസിൻ തിരികെ നൽകാൻ തീരുമാനിച്ചത്.
ദശാബ്ദങ്ങളായി ഈ മാഗസിൻ തന്റെ വീട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ ഇത് എങ്ങനെ കൈവശം വന്നു എന്ന് ഓർമയില്ലെന്നും ഹാൻസൺ പറഞ്ഞു. 1966ൽ വീട് മാറുമ്പോഴാണ് ഇത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലെ അപൂർവ്വമായ ഈ മാസിക സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ലൈബ്രറി അധികൃതർ.
