സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13കാരിയെ തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ടു പോയ സംഭവം ! പെണ്‍കുട്ടി ലൈംഗികപീഡനം സഹിക്കാനാകാതെ ഒളിച്ചോടിയതെന്ന് വിവരം…

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13കാരിയെ തമിഴ്‌നാട് സ്വദേശി തട്ടിക്കൊണ്ടു പോയ കേസില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്.

പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ മുന്‍പ് ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേരെ ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്.

സിപിഎം അകത്തേത്തറ ലോക്കല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലേക്കുളങ്ങര പീപ്പിള്‍സ് റൂറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സെക്രട്ടറിയാണു രതീഷ്. രാജീവ് ധോണി ഫാമിലെ ജീവനക്കാരനാണ്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വെല്ലൂര്‍ സ്വദേശി അന്തോണിയെ (21) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയെ മുന്‍പരിചയമുള്ള രതീഷ് കഴിഞ്ഞയാഴ്ച സൊസൈറ്റിയില്‍ ആളില്ലാത്ത സമയത്ത് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

മറ്റൊരു പ്രതിയായ രാജീവ് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചെന്നാണു പരാതി. മനോവിഷമത്തിലായ പെണ്‍കുട്ടി സമൂഹമാധ്യമം വഴി പരിചയപ്പെട്ട വെല്ലൂരിലെ യുവാവിനൊപ്പം നാടുവിട്ടതാണെന്നു പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് വെല്ലൂരില്‍നിന്ന് ഇരുവരെയും പിടികൂടി നാട്ടിലെത്തിച്ചു.

പിന്നീടു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കി കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണു പീഡന വിവരങ്ങള്‍ പുറത്തുവന്നത്. മൂന്നു പേര്‍ക്കുമെതിരെ പോക്‌സോ കുറ്റം ചുമത്തി. റിമാന്‍ഡ് ചെയ്ത പ്രതികളെ ആലത്തൂര്‍ സബ്ജയിലിലേക്കു മാറ്റി.

Related posts

Leave a Comment