ആ ദുരന്തത്തിനു മുമ്പില്‍ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോറ്റു ! മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം; കഥകള്‍ക്കു മാത്രം പഞ്ഞമില്ല…

അഞ്ചു വര്‍ഷം മുമ്പ് ഇതുപോലെയൊരു വനിതാദിനത്തിലാണ് 238 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം അപ്രത്യക്ഷമാകുന്നത്. ലോകത്ത് ഇന്നേവരെ ലഭ്യമായിട്ടുള്ള എല്ലാ സാങ്കേതികവിദ്യയുമുപയോഗിച്ച് പരിശോധിച്ചിട്ടും വിമാനം കണ്ടെത്താനാവാതെ വരുമ്പോള്‍ ശാസ്ത്രവും മനുഷ്യനും ഒരുപോലെ തോല്‍ക്കുകയാണ്.

ഇന്നും ഈ വിമാനത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഔദ്യോഗിക തിരച്ചിലുകള്‍ അവസാനിപ്പിച്ചെങ്കിലും വിദഗ്ധരുടെയും മറ്റുള്ളവരുടെയും അന്വേഷണം തുടരുകയാണ്. എംഎച്ച് 370 നെ കുറിച്ച് വാര്‍ത്തകളില്ലാത്ത ദിവസങ്ങളില്ല.വിമാന ദുരന്തത്തില്‍ കാണാതായ യാത്രക്കാരുടെ ബന്ധുക്കള്‍ മെഴുകുതിരി കത്തിച്ച് ഇപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. അവര്‍ക്ക് ഇന്നും പറയാനുള്ള ഇതു മാത്രം ‘ മനുഷ്യന്‍ തോറ്റിരിക്കുന്നു, ഇനി എല്ലാം ദൈവത്തിനു വിടുകയാണ്’. ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും വെല്ലുളിവിക്കുന്ന സംഭവമായി പോയി മലേഷ്യന്‍ വിമാനത്തിന്റെ കാണാതാകല്‍.

നിലവിലെ തിരച്ചിലില്‍ ഇതുവരെ കാര്യമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവസാന ശ്രമമെന്ന നിലയില്‍ നടത്തുന്ന ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന യുഎസ് കമ്പനിയുടെ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 25,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടം ലഭിക്കാനായി 85 ശതമാനം വരെ സാധ്യതയുണ്ടെന്നായിരുന്നു മലേഷ്യയുടെ സിവില്‍ ഏവിയേഷന്‍ വകുപ്പ് തലവന്‍ അസ്ഹറുദ്ദിന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഒരു പ്രതീക്ഷയുമില്ലായിരുന്നു.

ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയര്‍ന്ന് 38 മിനിറ്റിനകം വിമാനത്തില്‍നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടപ്പെടുകയായിരുന്നു. വിമാനം എവിടെയാണെന്നു വ്യക്തമാക്കുന്നതിനു സഹായിക്കുന്ന സിഗ്‌നലുകള്‍ അയയ്ക്കുന്ന സംവിധാനവും തകരാറിലായി. ഇതാണു ദുരൂഹത ഉയര്‍ത്തുന്നത്.വിമാനം കടലില്‍ തകര്‍ന്നു വീണതാണെന്നും ഹൈജാക്ക് ചെയ്തതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അതിനിടെ പുറത്തെത്തി.

സര്‍ക്കാര്‍ തലത്തിലും ചൈനയുടെയും ഓസ്‌ട്രേലിയയിലൂടെയും സഹായത്തോടെയും നാലു വര്‍ഷത്തോളം തിരച്ചില്‍ നടത്തി. പലയിടത്തുനിന്നും എംഎച്ച് 370യുടേതാണെന്നു കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഇല്ലാതായതോടെ രണ്ടു വര്‍ഷം മുന്‍പ് ഔദ്യോഗികമായിത്തന്നെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടു 2018 ജനുവരിയിലാണു ടെക്‌സാസ് ആസ്ഥാനമായുള്ള ഓഷ്യന്‍ ഇന്‍ഫിനിറ്റി കമ്പനി മലേഷ്യന്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പണമെന്നാണു കരാര്‍. ജൂണ്‍ വരെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല.

ഇതിനിടയില്‍ വിമാനം തകര്‍ന്നു വീണിടം സംബന്ധിച്ച് ധാരാളം കഥകളും പുറത്തുവന്നിരുന്നു. വിമാനം കംബോഡിയയിലെ ഘോരവനത്തിനുള്ളില്‍ തകര്‍ന്നു വീണെന്നായിരുന്നു അതിലൊന്ന്. ചില ഗവേഷകര്‍ വസ്തുതാപരമായി ഇക്കാര്യം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ കഴമ്പുണ്ടായിരുന്നില്ല. ആന്‍ഡമാനിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലാണ് വിമാനം തകര്‍ന്നു വീണതെന്ന് ചിലര്‍ പറഞ്ഞു പരത്തി.

മനുഷ്യരുമായി അകന്നു കഴിയുന്ന ഗോത്രവര്‍ഗക്കാരെ പേടിച്ച് ആരും അങ്ങോട്ട് വിമാനമന്വേഷിച്ചു പോകാന്‍ താത്പര്യപ്പെടില്ലെന്നു കരുതിയ ചില ദോഷൈകദൃക്കുകളായിരുന്നു ഇതിന്റെ പിന്നില്‍. ഇതിനിടയില്‍ വിമാനം കടലിലേക്ക് കൂപ്പുകുത്തുന്നതായി കണ്ടെന്ന് അവകാശപ്പെട്ട് ചില മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ അതെല്ലാം വെറും ഭാവനാസൃഷ്ടി മാത്രമാണെന്ന് പിന്നീട് തെളിഞ്ഞു. വിമാനത്തോടൊപ്പം മണ്‍മറഞ്ഞ ആ 238 പേരുടെ കുടുംബങ്ങളുടെ കണ്ണുനീര്‍ ഇന്നും തോരുന്നില്ല.

Related posts