കോടതിമുറികളിലെ വാദപ്രതിവാദങ്ങൾക്കിടയിൽ വേറിട്ടൊരു സൗഹൃദക്കാഴ്ചയാകുകയാണ് ഗാസിയാബാദ് ജില്ലാ കോടതി. കഴിഞ്ഞ അഞ്ച് വർഷമായി അഭിഭാഷകനായ മഹേഷ് യാദവിന്റെ ചേംബറിലെത്തി റൊട്ടി വാങ്ങി തിന്നുന്ന ഒരു കുരങ്ങനാണ് ഇവിടുത്തെ പ്രധാന താരം!
ഗാസിയാബാദ് കോടതിയിൽ 30 വർഷമായി അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് മഹേഷ് യാദവ്. ദിനചര്യയുടെ ഭാഗമെന്നോണം ദിവസവും അഭിഭാഷകന്റെ മേശപ്പുറത്ത് വന്നിരിക്കുന്ന കുരങ്ങൻ, സ്നേഹത്തോടെ നൽകുന്ന റൊട്ടിയും കഴിച്ചാണ് മടങ്ങാറുള്ളത്.
ചില ദിവസങ്ങളിൽ മഹേഷ് യാദവിന്റെ പോക്കറ്റിൽ കൈയിട്ട് റൊട്ടിയുണ്ടോ എന്ന് പരിശോധിക്കാനും ഈ കുരങ്ങൻ മടിക്കാറില്ല. ശാന്തനായി മുൻപിലിരിക്കുന്ന കുരങ്ങന്റെ തലയിൽ തലോടിയാണ് അഭിഭാഷകൻ റൊട്ടി നൽകാറുള്ളത്.
അഭിഭാഷകൻ കോടതിയിൽ എത്താത്ത ദിവസങ്ങളിലും കുരങ്ങൻ ചേംബറിന് മുന്നിലെത്തി കാത്തിരിക്കും. തൊട്ടടുത്ത ദിവസം അദ്ദേഹം എത്തുമ്പോൾ മാത്രമാണ് മടങ്ങുക.മനുഷ്യനും മൃഗവും തമ്മിലുള്ള ഈ അപൂർവ്വ സ്നേഹബന്ധം കോടതിയിലെത്തുന്നവർക്ക് എന്നും കൗതുകമുള്ള കാഴ്ചയാണ്.
