ഉത്തർപ്രദേശിലെ കാൺപൂരിൽ റോഡിലെ തുറന്ന ഓടക്കുഴിയിലേക്ക് ബൈക്കുമായി വീണ് ഡെലിവറി ഏജന്റിന് ഗുരുതര പരിക്കേറ്റു. ചോരയുറയുന്ന ഈ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ മാത്രമാണ് യുവാവ് അത്ഭുതകരമായി ജീവനോടെ രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. ഓർഡർ നൽകാനായി ബൈക്കിൽ പോകുകയായിരുന്ന ഡെലിവറി ഏജന്റാണ് അപകടത്തിൽപ്പെട്ടത്. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ വീതികുറഞ്ഞ റോഡിലെ വലിയ ഓടക്കുഴി ഇയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല. തുടര്ന്ന് ബൈക്കോടെ യുവാവ് വലിയ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് കുഴിയിലേക്ക് അപ്രത്യക്ഷമാകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ ചേർന്ന് യുവാവിനെയും ബൈക്കിനെയും പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് എത്തിച്ചു. തുടർന്ന് ബന്ധുക്കളെത്തി ഇയാളെ കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സീവേജ് പൈപ്പ് നവീകരണത്തിനായി എടുത്ത കുഴി പണി പൂർത്തിയായിട്ടും അടയ്ക്കാതെ ദിവസങ്ങളോളം തുറന്നിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴിക്ക് ചുറ്റും മുന്നറിയിപ്പ് ബോർഡുകളോ തടസങ്ങളോ സ്ഥാപിച്ചിരുന്നില്ല. കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
