ഒൻപതാം നിലയിലെ ജനൽപടിയിലിരുന്ന് അപകടനിലയിൽ മഴ ആസ്വദിക്കുകയായിരുന്ന കുട്ടികളെ ശാസിച്ച അയൽവാസിക്ക് അമ്മയുടെ രൂക്ഷവിമർശനം. ഉയർന്ന ഫ്ലാറ്റിന്റെ ജനൽപ്പാളിക്ക് പുറത്തേക്ക് ആടിയുലഞ്ഞ് നില്ക്കുകയായിരുന്ന കുട്ടികളെ കണ്ട് ഭയന്ന അയൽവാസി ബഹളം വെച്ച് ഇവരെ മാറ്റിയെങ്കിലും, അതിന് പിന്നാലെ അമ്മ ചോദ്യം ചെയ്യലുമായി എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ശരദ് യാദവ് എന്ന വ്യക്തി താൻ കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയായിരുന്നു. മഴ പെയ്യുന്ന സമയത്ത് എതിർവശത്തെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിലെ ജനൽപടിയിലിരുന്ന കുട്ടികൾ ജനലിന്റെ അഴികൾക്കിടയിലൂടെ പുറത്തേക്ക് കൈനീട്ടി മഴവെള്ളം പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തടസമായി നിൽക്കുന്ന ഗ്രില്ലുകൾക്ക് പുറത്തുള്ള ഇടുങ്ങിയ ബോർഡിൽ കാൽവെച്ച് ഇവർ അപകടകരമായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
അപകടസാധ്യത മനസിലാക്കിയ ശരദ്, തന്റെ ബാൽക്കണിയിൽ നിന്ന് ഉറക്കെ ശബ്ദമുണ്ടാക്കി കുട്ടികളോട് അകത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. പേടിച്ചുപോയ കുട്ടികൾ ഉടൻ തന്നെ മുറിക്കുള്ളിലേക്ക് പിൻവാങ്ങി.
എന്നാൽ സംഭവത്തിന് ശേഷം കുട്ടികളുടെ അമ്മ ശരദിനോട് തർക്കിക്കാനെത്തി. താൻ ചെയ്തത് തെറ്റാണെന്ന മട്ടിലാണ് അമ്മ തന്നോട് പെരുമാറിയതെന്നും, ഇത്രയും ഗുരുതരമായ അനാസ്ഥ കാണിച്ചിട്ടും കുട്ടികളെ രക്ഷിക്കാൻ നോക്കിയ തന്നോട് കയർക്കുകയാണെന്നും ശരദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മുൻപ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശരദിന്റെ പ്രവർത്തിയെ ഭൂരിഭാഗം പേരും പിന്തുണച്ചു. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്നും പലരും അഭിപ്രായപ്പെട്ടു.

