കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) മലയാളികളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ മുംബൈയില്‍നിന്ന് അറസ്റ്റ്‌ചെയ്തു കൊച്ചിയിലെത്തിച്ച ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തകരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കാക്കനാട് കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു പ്രതികളെ ഹാജരാക്കുക.
നവി മുംബൈയിലെ നെരൂളില്‍ അറസ്റ്റിലായ ആര്‍ഷി ഖുറേഷി, താനെ കല്യാണ്‍ നിവാസി റിസ്‌വാന്‍ ഖാന്‍ എന്നിവരെയാണു നെടുമ്പാശേരി വിമാനത്താവളം വഴി ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ്കമ്മീഷണര്‍ കെ.വി. വിജയന്‍ അപേക്ഷ നല്‍കും. ദുരൂഹസാഹര്യത്തില്‍ 21 പേരെ കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന കാസര്‍കോട്ടെയും പാലക്കാട്ടെയും പോലീസ് സംഘങ്ങള്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങുമെന്നാണു സൂചന.
യുഎപിഎ ചുമത്തിയിട്ടുള്ള കേസില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്യാന്‍ സാധ്യകളുണ്ട്. കൊച്ചിയില്‍നിന്ന് കാണാതായ മെറിന്റെയും യഹ്യായുടെയും വിവാഹത്തിന് സാക്ഷ്യപത്രം ഒപ്പിട്ടത് പോലീസ് അറസ്റ്റ് ചെയ്ത റിസ്‌വാന്‍ ഖാനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കല്യാണിലെ റിസ്‌വാന്‍ ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മെറിന്റെയടക്കം നിരവധിപ്പേരുടെ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇയാള്‍ 800 ഓളം പേരെയെങ്കിലും മതംമാറ്റിയിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.
തമിഴ്‌നാട് സ്വദേശിയാണ് റിസ്‌വാന്‍ ഖാന്‍. ആറ് വര്‍ഷം മുമ്പാണ് ഇയാള്‍ മുംബൈയിലേക്ക് കുടിയേറിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവാദ മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ പബ്ലിക് റിലേഷന്‍സ് ഓഫിസറായ ആര്‍ഷി ഖുറേഷിയും റിസ്‌വാന്‍ ഖാനും ചേര്‍ന്നാണ് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.
കേരളത്തില്‍നിന്ന് പോയ 21 പേരും റിസ് വാന്‍ ഖാനുമായി ബന്ധപ്പെട്ടിരുന്നോയെന്നും ബന്ധപ്പെട്ടിരുന്നെങ്കില്‍ അവരെവിടെയെന്നുമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലുകളിലൂടെയെ വ്യക്തത വരികയുള്ളു എന്ന് പോലീസ് അറിയിച്ചു. കൊച്ചിയില്‍നിന്നു കാണാതായ മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബിന്റെ പരാതിയെത്തുടര്‍ന്നു കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ചേര്‍ന്നു താനെയില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ഐഎസ് റിക്രൂട്ട്‌മെന്റിനുവേണ്ടി മതം മാറ്റാന്‍ പ്രേരിപ്പിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. മഹാരാഷ്ട്ര എടിഎസിന്റെ സാന്നിധ്യത്തില്‍ കേരള പോലീസ് സംഘം ഖുറേഷിയെ വ്യാഴാഴ്ചയും റിസ്‌വാന്‍ ഖാനെ ശനിയാഴ്ചയുമായാണ് അറസ്റ്റ്‌ചെയ്തത്. ആലുവ ഡിവൈഎസ്പി റസ്റ്റമിന്റെ നേതൃത്വത്തിലെത്തിയ ആറംഗ കേരള പോലീസ് സംഘമാണ് മുംബൈയില്‍ തങ്ങി അന്വേഷണം നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണു ഖുറേഷിയെയും റിസ്‌വാന്‍ ഖാനെയും നെടുമ്പാശേരിയിലെത്തിച്ചത്. മുഖംമറച്ചു കൊണ്ടുവന്ന ഇരുവരെയും സായുധ കമാന്‍ഡോകളുടെ അകമ്പടിയോടെ കളമശേരി എആര്‍ ക്യാമ്പിലേക്കു കൊണ്ടുപോയി. എആര്‍ ക്യാമ്പില്‍ ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തിരുന്നു.
