800 അല്‍ക്വയ്ദ പോരാളികള്‍ യെമനില്‍ കൊല്ലപ്പെട്ടു

terrourമാരിബ്(യെമന്‍): അല്‍ക്വയ്ദ ഭീകരരെ തുരത്തി യെമനിലെ മുകല്ല തുറമുഖ നഗരം യെമന്‍ സൈന്യം തിരിച്ചുപിടിച്ചു. യെമന്‍ സൈനികര്‍ നടത്തിയ ആക്രമണത്തിലും അവര്‍ക്കു പിന്തുണ നല്‍കി സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിലും മുകല്ലയില്‍ 800 അല്‍ക്വയ്ദ പോരാളികള്‍ കൊല്ലപ്പെട്ടു. ഇവിടത്തെ എണ്ണ ടെര്‍മിനലും നഗരവും ഒരു വര്‍ഷമായി അല്‍ക്വയ്ദയുടെ കൈവശമായിരുന്നു. മുകല്ലയില്‍നിന്ന് ഒട്ടേറെ അല്‍ക്വയ്ദ തീവ്രവാദികള്‍ പലായനം ചെയ്‌തെന്നും അറബി മുന്നണി നേതാക്കള്‍ പറഞ്ഞു.

യെമനില്‍ പ്രസിഡന്റ് ഹാദിയുടെ സൈനികരും അവരെ എതിര്‍ക്കുന്ന ഹൗതി ഷിയാ വിമതരും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയില്‍ അല്‍ക്വയ്ദ ഭീകരര്‍ രാജ്യത്തിന്റെ ചില കേന്ദ്രങ്ങളില്‍ പിടിമുറുക്കുകയായിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാകളുടെ നിയന്ത്രണത്തിലാണു യെമന്‍ തലസ്ഥാനമായ സനാ. പ്രസിഡന്റ് ഹാദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് ഏഡന്‍ ആസ്ഥാനമായി ഭരണം നടത്തുന്നു. ഹൗതികള്‍ക്ക് എതിരേ സൗദി സഖ്യം വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അവരെ ഒതുക്കാനായിട്ടില്ല.

ഇതിനിടയിലാണ് ഭീകര സംഘടനകള്‍ യെമനില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കിയത്. ഈയിടെ കുവൈറ്റില്‍ നടന്ന സമാധാന ചര്‍ച്ചയെത്തുടര്‍ന്നു യെമനില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പില്‍ വന്നു. എന്നാല്‍, അല്‍ക്വയ്ദ പോലുള്ള ഭീകര ഗ്രൂപ്പുകള്‍ വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരുന്നില്ല.

മുകല്ല നഗരത്തില്‍ നിന്ന് അല്‍ക്വയ്ദയെ പൂര്‍ണമായി തുരത്തിയെന്നും അവര്‍ ഹംദ്രാവത് മരുഭൂമിയിലേക്കും ഷബ്‌വാ പ്രവിശ്യയിലേക്കും പിന്‍വാങ്ങിയെന്നും ഒരു സൈനിക ഓഫീസര്‍ എഎഫ്പിയോടു പറഞ്ഞു. ഹാദിയുടെ സൈനികരോടൊപ്പം സൗദി സഖ്യത്തിലെ എമിറാത്തി സൈനികരും മുകല്ലയില്‍ പ്രവേശിച്ചു. രണ്ടു ലക്ഷം ജനങ്ങളുള്ള മുകല്ലയില്‍ നാശനഷ്ടം വരുത്തരുതെന്ന് ജിഹാദികളോടു ജനങ്ങള്‍ അഭ്യര്‍ഥിച്ചെന്നും തുടര്‍ന്ന് അവര്‍ പിന്മാറിയെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Related posts