ഐഎസിന്റെ ഭാഗമായ ‘ദായേഷി’ന്റെ പരിശീലനക്ലാസുകള്‍ കേരളത്തില്‍ സജീവമായി നടക്കുന്നു ! രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍; ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തെ മലയാളികള്‍ ഗൗരവമായി കാണേണ്ടതിന്റെ കാരണങ്ങള്‍ ഇങ്ങനെ…

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് കേരളത്തിലും പിടിമുറുക്കുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്തെ നാലു ജില്ലകളില്‍ നിന്നായി എഴുപതോളം യുവാക്കളെ ഭീകരസംഘടന റിക്രൂട്ട് ചെയ്തതായാണ് കണ്ടെത്തല്‍. ഇതില്‍ പ്രൊഫഷണലുകളുമുണ്ട്. ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളത്തില്‍ വരെ വെബ്‌സൈറ്റുകളുണ്ട്. ദജ്ജല്‍-ഇ-അക്ബര്‍ എന്ന ഐഎസിന്റെ രഹസ്യഗ്രൂപ്പില്‍ നിരവധി മലയാളികള്‍ അംഗങ്ങളാണ്.

ഐഎസിന്റെ ഭാഗമായ ദായേഷ് കേരളത്തില്‍ പരിശീലനക്ലാസുകള്‍ നടത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 20 അംഗ സൈബര്‍ വിംഗ് 24 മണിക്കൂറും സജീവമാണ്. പല മുസ്ലിം സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഷീദ് അബ്ദുള്ള, പാലക്കാട്ടുകാരന്‍ ബെസ്റ്റിന്‍ വിന്‍സെന്റ്, കാസര്‍കോട്ടുകാരന്‍ അഷ്ഫാഖ് മജീദ് എന്നിവര്‍ 2016ല്‍ ശ്രീലങ്കയില്‍ പോയതായും ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ ഹാഷിമിനെ കണ്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിറിയയിലേക്ക് കടത്തിയ സ്ത്രീകളടക്കം നിരവധി പേരെ അതിനുമുന്‍പ് ശ്രീലങ്കയില്‍ എത്തിച്ചിരുന്നു. 2016ല്‍ മധുരയിലും നാമക്കലിലും തൗഹീദ് ജമാഅത്ത് യോഗം ചേര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് അതിര്‍ത്തിക്കടുത്തെ ഭട്കല്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഗള്‍ഫില്‍നിന്ന് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നേരത്തേ ഇന്ത്യന്‍ മുജാഹുദ്ദീന്‍ പ്രവര്‍ത്തകനായിരുന്നു ഇയാള്‍.

ഐഎസിനെ കൂടാതെ അല്‍ക്വയ്ദയുടെ ഉപവിഭാഗമായ അല്‍-നുസ്‌റയിലും മലയാളികളുണ്ട്. ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ മൂന്നു യുവാക്കള്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിയെന്നും ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന 21 മലയാളികള്‍ക്കൊപ്പം ഛത്തീസ്ഗഡില്‍ നിന്ന് 20ലേറെ ആളുകളെ വിദേശത്തേക്ക് കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് തല്‍പര കക്ഷികളെ ഭീകരസംഘടന കണ്ടെത്തുന്നത്. ശ്രീലങ്കയും കേരളവും തമ്മില്‍ വെറും അരമണിക്കൂര്‍ നേരത്തെ ദൂരം മാത്രമേയുള്ളൂ എന്നതും ഭീകരരെ കേരളവുമായി നിരന്തരം ബന്ധപ്പെടാന്‍ പ്രേരിപ്പിച്ചു. മനുഷ്യക്കടത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചവരില്‍ ഏറെയും ശ്രീലങ്കക്കാരായിരുന്നുവെന്നത് തന്നെ ഇവിടുത്തെ സുരക്ഷാ പരിശോധനകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഈ സാഹചര്യത്തില്‍ ഒരു ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടാല്‍ എങ്ങനെ തടയാന്‍ കഴിയുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.

Related posts