ചെങ്ങളായി പരിപ്പായിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫ് രാവിലെ എട്ടോടെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ശ്രീകണ്ഠപുരം ഇന്ദിരാഭവനിലെത്തി. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രചാരണപരിപാടികള്‍ വിലയിരുത്തിയശേഷം വിളക്കന്നൂരിലേക്കു പുറപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ നിരത്തിയും കെ.സി. ജോസഫിന് വോട്ടഭ്യര്ഥിച്ചുംകൊണ്ടുള്ള അനൗണ്‍സ്മെന്റ് വാഹനം മുന്നില്‍ നീങ്ങി. കെ.സി വിളക്കന്നൂരിലെത്തുമ്പോള് പ്രദേശം ആളുകളെകൊണ്ടു നിറഞ്ഞിരുന്നു. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടെ കെ.സി. കാറില്‍ നിന്നിറങ്ങി.
കഴിഞ്ഞ 35 വര്‍ഷമായി നാട്ടുകാരിലൊരാളായി കൂടെയുള്ള കെ.സിയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന മുഖവുരയോടെയായിരുന്നു ഉദ്ഘാടകനായ കെപിസിസി അംഗം കൊയ്യം ജനാര്ദനന് പ്രസംഗം തുടങ്ങിയത്. തുടര്‍ന്നു മണ്ഡലത്തില്താന് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തി കെ.സി പ്രസംഗമാരംഭിച്ചു. കാക്കണ്ണന്പാറയിലെ ആഗോള കലാഗ്രാമം, പൈതല്‍മല ടൂറിസം, മില്മമലയോര ഡയറി തുടങ്ങി മണ്ഡലത്തിലെ മുക്കിലും മൂലയിലും കൊണ്ടുവന്ന ഗതാഗതസൗകര്യങ്ങള്‍ ഉള്‍പ്പെടെ ഓരോന്നായി അദ്ദേഹം വിവരിച്ചു.
വീണ്ടും വിജയിച്ചാല്‍ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കൂടി കെ.സി പ്രഖ്യാപിച്ചപ്പോള്‍ കരഘോഷത്തില്‍ പ്രദേശം മുങ്ങി. അടുത്ത സ്വീകരണകേന്ദ്രമായ കണ്ണാടിപ്പാറയിലെത്തിയപ്പോള് പ്രദേശവാസികളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ഗംകളി അവതരിപ്പിച്ചാണു കെ.സിയെ വരവേറ്റത്. വിദ്യാര്‍ഥികളുടെ അടുത്തെത്തി കുശലം ചോദിച്ചശേഷം കെ.സി അവിടെയും വികസനത്തെക്കുറിച്ചു സംസാരിച്ചു.
തുടര്‍ന്നു കൊളത്തൂര്‍, ചുഴലി, ചാലില്‍വയല്‍, പയറ്റിയാല്‍, തോപ്പിലായി വഴി പര്യടനം നീങ്ങി. പര്യടനവഴിയില് കടകളിലും മറ്റും കയറി വോട്ട് അഭ്യര്‍ഥിച്ചു. പൊള്ളയാട് എത്തിയ സ്ഥാനാര്‍ഥിയെ ദഫ് മേളത്തിന്റെ അകമ്പടിയോടെയാണു വരവേറ്റത്. റോഡരികില്‍ കാത്തുനിന്ന പ്രായമായവരുടെ അടുത്തെത്തി കെ.സി അനുഗ്രഹം വാങ്ങി. വളക്കൈയില്‍ വാദ്യമേളങ്ങളോടെയും മണക്കാട് ജനശ്രീ പ്രവര്‍ത്തകരുടെ ബാന്‍ഡ് മേളത്തോടെയുമായിരുന്നു വരവേല്‍പ്പ്. രാത്രി 7.30ഓടെ സമാപനസ്ഥലമായ കൊയ്യത്തും കെ.സിയെ കാത്തു വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
******************
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ പ്രചാരണം ഏരുവേശി പഞ്ചായത്തിലെ ചാത്തമലയില്‍ ഉദ്ഘാടനം ചെയ്തതു സിപിഎം നേതാവ് കെ.എം. ജോസഫ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരേയും ഇരിക്കൂര്‍ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരേയും അദ്ദേഹം കത്തിക്കയറി. പ്രസംഗം അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സ്ഥാനാര്‍ഥി എത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ ബാന്‍ഡ്മേളത്തിന്റെ അകമ്പടിയോടെ സ്ഥാനാര്‍ഥിയെ വരവേറ്റു.
ഹാരാര്പ്പണങ്ങള്ക്കുശേഷം സ്ഥാനാര്‍ഥി പ്രസംഗിച്ചു.
ഭരണമാറ്റത്തിന്റെ ആവശ്യകതയും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും കെ.സി. ജോസഫ് മണ്ഡലത്തോട് കാണിക്കുന്ന അവഗണനയും പ്രസംഗവിഷയമായി. മറ്റിടങ്ങളില്‍ അഞ്ചുവര്‍ഷം കൊണ്ടുണ്ടായ വികസനം പോലും 35 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കെ.സി. ജോസഫിന് ഇരിക്കൂറില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മാറ്റത്തിനായി തനിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിജയിച്ചാല്‍ മണ്ഡലത്തില്‍ വികസനവിപ്ലവമൊരുക്കുമെന്ന കെ.ടി. ജോസിന്റെ വാഗ്ദാനം ആവേശപൂര്‍വം കേള്‍വിക്കാര്‍ സ്വീകരിച്ചു.
അടുത്ത സ്വീകരണകേന്ദ്രമായ ചെമ്പേരിയിലെത്തിയപ്പോള് കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരുവാതിരയോടെ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും വികസനമുരടിപ്പും ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച അദ്ദേഹം ചെമ്പേരി ഫൊറോന ദേവാലയത്തിലും കോണ്വന്റിലുമെത്തി വോട്ട് അഭ്യര്‍ഥിച്ചു. വലിയപറമ്പും ചളിമ്പറമ്പും കഴിഞ്ഞു പൂപ്പറമ്പിലെത്തിയ കെ.ടി. ജോസിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ടൗണില്‍ കടകളിലും റോഡരികിലും നില്ക്കുന്നവരില് ആരെയും ഒഴിവാക്കാതെ വോട്ട് അഭ്യര്‍ഥിച്ചു. രാത്രി ഏഴോടെ മുയിപ്ര ടൗണിലായിരുന്നു പര്യടനസമാപനം.
******************
ഇരുമുന്നണികളെയും കണക്കറ്റു വിമര്‍ശിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന് വോട്ട് തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനമാണു സ്ഥാനാര്‍ഥിയുടെ കൂടെയുള്ളനേതാക്കളുടെ പ്രസംഗവിഷയം. വൈകിയാണ് ഇരിക്കൂറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെങ്കിലും പ്രചാരണത്തില്‍ ഒട്ടും പിന്നിലല്ല. പ്രചാരണയോഗങ്ങളിലെല്ലാം ആള്‍ക്കൂട്ടമുണ്ട്.